ചെറുപുഴ : ചെറുപുഴ-പയ്യന്നൂര്‍ റോഡില്‍ പ്രളയകാലത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. കുണ്ടംതടത്തിലാണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പത്, 10 തീയതികളില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞത്. 30 അടിയോളം ഉയരത്തിലും 100 അടിയോളം നീളത്തിലുമാണ് മണ്ണിടിഞ്ഞ് ടാറിട്ട റോഡിലേയ്ക്ക് വീണത്. റോഡിന്റെ പകുതി ഭാഗം മൂടിക്കിടക്കുന്ന തരത്തില്‍ മണ്ണ് വീണുകിടന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായിരുന്നു.
കൂറ്റന്‍ ചൂണ്ടപ്പനയുള്പ്പെടെയുള്ള മരങ്ങള്‍ മണ്ണിടിച്ചിലില്‍ നിലംപൊത്തിയിരുന്നു.
വില്ലത്താനം ബേബി തോമസിന്റെയും കൊച്ചുപറമ്ബില്‍ റോയിയുടെയും വീടുകള്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായിരുന്നു. ഇവരുടെ വീടിന് സമീപത്തുള്ള 110 കെ.വി.വൈദ്യുതലൈനും അപകട ഭീഷിണിയിലായിരുന്നു.
ഇവര്‍ നല്കിയ നിവേദനത്തെത്തുടര്‍ന്ന് മണ്ണ് നീക്കുന്നതിനും പാര്‍ശ്വഭിത്തി കെട്ടുന്നതിനുമായി 25 ലക്ഷം രൂപ അനുവദിച്ചു. ജി.എസ്.ടി. കഴിച്ച് 22 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. നാല് മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി കൂടുതലായി മണ്ണ് ഇടിയുന്നത് തടയുകയാണ് ലക്ഷ്യം.