വഴിയരികിൽ കോഴി മാലിന്യം തള്ളിയ ആൾ പോലീസ് പിടിയിൽ

0 1,269

വഴിയരികിൽ കോഴി മാലിന്യം തള്ളിയ ആൾ പോലീസ് പിടിയിൽ
കാക്കയങ്ങാട്: വഴിയരികിൽ കോഴി മാലിന്യം തള്ളിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാക്കാട് സ്വദേശി റഫീഖിനെ(38) ആണ് മുഴക്കുന്ന് സി ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന പാതയായ നെടുംപോയിൽ ഇരിട്ടി റോഡിൽ ഹാജി റോഡിന് സമീപമാണ് റോഡരികിൽ കോഴിമാലിന്യം തള്ളിയ നിലയിൽ കണ്ടത്. ഹാജി റോഡിനു സമീപവും ഗ്ലോബൽ ഇന്ത്യ സ്കൂളിലേക്കുള്ള വഴിയരികിലും മൈലാടുംപാറ യിലും കോഴി മാലിന്യം റോഡരികിൽ തള്ളുന്നതായി മുഴക്കുന്ന് പോലീസിന് മുൻപ് പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം ശക്തമാക്കിയ പോലീസ് ഈ ഭാഗത്ത് സിസിടിവി നിരീക്ഷണവും നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കോഴി മാലിന്യം തള്ളിയത് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കോഴി മാംസ വ്യാപാരിയായ ഇയാൾ മുൻപും പലസ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും മാലിന്യം തള്ളിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൊതുസ്ഥലം മലിനമാക്കിയതിനുള്ള പിഴ ഈടാക്കിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.