അങ്കണവാടിയിൽ ഹൃദ്രോഗിയായ കുട്ടിക്ക് ക്രൂര മർദ്ദനം; ആയക്കെതിരെ പരാതി

0 1,498

പാറശ്ശാലയിൽ അങ്കണവാടിയിലെത്തിയ ഹൃദ്രോഗി കൂടിയായ മൂന്നരവയസ്സുകാരനു നേരെ അങ്കണവാടി ആയയുടെ അതിക്രമം. ആയ അടിച്ചും നുള്ളിയും കുട്ടിയെ പരിക്കേൽപ്പിച്ചതായി കാട്ടി രക്ഷിതാക്കൾ പൊഴിയൂർ പൊലീസിൽ പരാതി നൽകി. പാറശ്ശാല കാരോട് ചാരോട്ടുകോണം വാർഡിലെ അങ്കണവാടിയിലാണ്‌ സംഭവം.രക്ഷിതാക്കളുടെ പരാതിയിൽ അങ്കണവാടി ആയ സിന്ധുവിന്റെപേരിൽ പൊഴിയൂർ പൊലീസ് കേസെടുത്തു.

ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക്‌ ആണ് സംഭവം. കുട്ടിയെ കൂട്ടാൻ അമ്മ അങ്കണവാടിയിൽ എത്തിയപ്പോൾ കുട്ടി കരഞ്ഞ്‌ അവശനിലയിലായിരുന്നു. കാര്യം തിരക്കിയപ്പോൾ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാൽ ആണ് കുട്ടി കരയുന്നത് എന്നും ആയ സിന്ധു പറഞ്ഞു. വീട്ടിൽ എത്തി കുട്ടിയുടെ വസ്ത്രം മാറുന്ന സമയം അണ് കാലുകളിൽ ഉൾപ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതോടെ രക്ഷിതാക്കൾ വിവരം തിരക്കിയപ്പോൾ ആണ് കുട്ടി ആയയുടെ ക്രൂരത പറയുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടിക്ക് ഒരുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം ചികിത്സ തുടരുകയാണ് എന്ന് രക്ഷിതാക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.