ചിൽഡ്രൻസ് ഹോം കേസ്; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകും

0 1,111

കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപ്പോയതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് തീരുമാനമെടുക്കുക. പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും തീരുമാനമെടുക്കും.

പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ ചേവായൂർ സ്റ്റേഷനിലെ പാറാവുകാരനും ജനറല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനും വീഴ്ച പറ്റിയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് അസി . കമ്മീഷണർ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഉചിതമായ നടപടി കമ്മീഷണർക്ക് തീരുമാനിക്കാമെന്ന രീതിയിലാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട സമർപ്പിച്ച റിപ്പോർട്ടിന്മേല്‍ സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ഇന്ന് തീരുമാനമടുക്കുമെന്നാണ് സൂചന. പ്രതിയെ ഒന്നര മണിക്കൂറിനകം പിടിക്കാന്‍ കഴിഞ്ഞതിനാല്‍ കടുത്ത നടപടിയുണ്ടായേക്കില്ലെന്നും സൂചനയുണ്ട്.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണ്. ഇന്നലെ യോഗം ചേർന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പെണ്‍കുട്ടികളുമായി സംസാരിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയംഗങ്ങള്‍ ചില്‍ഡ്രന്‍സ് ഹോമിന്‍റെ പ്രവർത്തനം സംബന്ധിച്ച നിർദേശങ്ങളും സർക്കാരിന് സമർപ്പിക്കും.