ചിറക്കൽ : 45വർഷങ്ങൾക്ക് ശേഷം നടക്കുന്ന പ്രശസ്തമായ ചിറക്കൽ കോവിലകം ശ്രീചാമുണ്ഡിക്കോട്ടത്തെ പെരുങ്കളിയാട്ട മഹോൽസവത്തിന് ഏപ്രിൽ അഞ്ചിന് ആരംഭം. അഞ്ചിന് ആരംഭിച്ച് ഏപ്രിൽ ഒമ്പതുവരെ ചിറക്കൽ രാജവംശത്തിന്റെ പരദേവതമാരായ മുപ്പത്തൈവരിൽപെട്ട 30തെയ്യങ്ങളും ഗുളികനും ഉൾപ്പെടെ മൂപ്പത്തിയൊന്ന് തെയ്യങ്ങൾ കെട്ടിയാടും.
നാല് ലക്ഷത്തിലേറെ ജനങ്ങൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസാദ സദ്യക്ക് രണ്ട് ലക്ഷത്തിലേറെ പേരുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി അഞ്ച് ദിവസവും സാംസ്കാരിക പരിപാടികളും പ്രത്യേകവേദിയിൽ അരങ്ങേറും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഏപ്രിൽ 5ന് വൈകുന്നേരം 6 മണിക്ക് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.
മന്ത്രി എം.ബി. രാജേഷ്, കെ. സുധാകരൻ എം.പി, കെ.വി. സുമേഷ് എം.എൽ.എ, പി. സന്തോഷ്കുമാർ എം.പി, പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സാംസ്കാരിക സമ്മേളനങ്ങളിൽ പങ്കെടുക്കും. കലാസംഗമം, കോമഡി സംഗീത നിശ, സാമൂഹ്യസംഗീത നാടകം, ഭജന, നൂറ്റിയൊന്ന് വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം, നാടൻകലാവതരണം തുടങ്ങിയ കലാപരിപാടികൾ അഞ്ചുദിവസങ്ങളിലായി നടക്കും.
ഭക്തജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയതായും വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ചിറക്കൽ കോവിലകം വലിയരാജ സി.കെ. രാമവർമ്മരാജ, സംഘാടക സമിതി ജനറൽ കൺവീനർ സി.കെ. സുരേഷ് വർമ്മ, യു.പി. സന്തോഷ്, ഡോ. സജീവൻ അഴീക്കോട്, പി.വി. സുകുമാരൻ എന്നിവർ പങ്കെടുത്തു