ചുട്ടു പഴുത്ത് കേരളം; വരുന്നത് കൊടും വേനലോ? സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കേരളം ചുട്ടു പൊള്ളുകയാണ്.പകല്‍സമയത്തെ കൊടും ചൂടിനെ കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കരുതലെന്ന നിലയിലാണു തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.
അതേസമയം, മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43 ) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. കൊയ്ത്തിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നു ഇയാള്‍.
ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമപ്പെടുത്തി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് തീയതികളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉത്തരവില്‍ നിര്‍ദേശച്ചിട്ടുണ്ട്. നേരത്തെ, സംസ്ഥാനത്തെ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
പൊതുജനങ്ങള്‍ ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യാം. അത് വഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, ജണഉ ഉദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്‌ബോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്. അധികൃതര്‍ അറിയിച്ചു.