തൃപ്പൂണിത്തുറയില്‍ സി.ഐ.ടി.യു-ഐ.എന്‍.ടി.യു.സി-ബി.എം.എസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരുക്ക്

927

തൃപ്പൂണിത്തുറയില്‍ ട്രേഡ് യൂണിയന്‍ സംഘര്‍ഷം. സി.ഐ.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഫ്‌ലാറ്റ് പണിയുന്നിടത്തെ തൊഴില്‍ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ തൊഴില്‍ ക്രമീകരണം അനുസരിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂണിയനുകളില്‍ ഉള്‍പ്പെട്ട തൊഴിലാളികളാണ് ഫ്‌ലാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് ഈ യൂണിയനുകള്‍ അവകാശപ്പെടുന്നത്. ബി.എം.എസ് തൊഴിലാളികള്‍ കൂടി വന്നതോടെ ആരംഭിച്ച തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് വിവരം. തൊഴിലാളികളല്ല മറിച്ച് ഗുണ്ടകളാണ് കൈയ്യാങ്കളിയ്ക്ക് തുടക്കമിട്ടതെന്ന് സി.ഐ.ടി.യു നേതാക്കള്‍ ആരോപിച്ചു.

ട്രേഡ് യൂണിയന്‍ സംഘര്‍ഷം കനത്തതോടെ പ്രദേശത്ത് വലിയ പൊലീസ് സംഘമെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ലാറ്റിന്റെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷം സംബന്ധിച്ച് ലേബര്‍ ഓഫിസര്‍ മുന്‍പാകെ ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച നടക്കും. തങ്ങള്‍ക്കും തൊഴില്‍ ചെയ്യാന്‍ അവസരം വേണമെന്ന ആവശ്യമാകും ബി.എം.എസ് മുന്നോട്ടുവെക്കുക. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ധാരണ പ്രകാരമാണ് ഇപ്പോഴും തൊഴില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഈ നിലയില്‍ മാറ്റം വരണമെന്നുമാണ് ബി.എം.എസിന്റെ വാദം.