ക്ലാസ് അറ്റ് ഹോം:  ടി വി സംഭാവന നല്‍കാം

0 457

ക്ലാസ് അറ്റ് ഹോം: ടി വി സംഭാവന നല്‍കാം

ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന് വിദ്യാര്‍ഥി, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ മുന്നോട്ട് വരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അഭ്യര്‍ഥിച്ചു. കോവിഡ് 19 സാഹചര്യത്തില്‍ പുതിയ അധ്യന വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. ടിവിയോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ചാണ് ഈ ക്ലാസ് ലഭ്യമാക്കുക. ജില്ലയിലെ ചില മേഖലകളില്‍ വീടുകളില്‍ സ്വന്തമായി ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിദ്യാര്‍ഥികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാതല സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ടി വി സംഭാവന നല്‍കാന്‍ വിദ്യാര്‍ഥി, യുവജന സംഘടനകളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണം- പ്രസിഡണ്ട് അഭ്യര്‍ഥിച്ചു.