ലോക്ക് ഡൗണ്‍ : മാഹിപാലം അടച്ചു
ന്യൂമാഹി : കൊറോണ വ്യാപനത്തിനെതിരേ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയുമായും മയ്യഴിയുമായും അതിര്‍ത്തി പങ്കിടുന്ന ന്യൂമാഹി ടൗണില്‍ മാഹി പാലം തിങ്കളാഴ്ച രാത്രി ഒന്‍പതോടെ അടച്ചു.
മയ്യഴിയുടെ കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന പൂഴിത്തലയും അടച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ പോലീസ് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ച് റോഡ് ഭാഗികമായി അടച്ച ശേഷം വാഹനപരിശോധന തുടങ്ങിയിരുന്നു.
റോഡ് അടച്ചതറിയാതെ എത്തിയ വാഹനങ്ങള്‍ ഏറെയും രാത്രി മാഹി പാലത്തില്‍ കുടുങ്ങി. ഇരുചക്രവാഹനങ്ങള്‍ കുറച്ച് കഴിഞ്ഞും മറ്റ് വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് ശേഷവുമാണ് വിട്ടത്.
അവശ്യസര്‍വീസുകള്‍, രോഗികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആംബുലന്‍സുകള്‍, ഭക്ഷ്യവസ്തുക്കളും മറ്റും വിതരണം നടത്തുന്നവര്‍ തുടങ്ങിയ വാഹനങ്ങളെ വിട്ടയക്കുന്നുണ്ട്. അത്യാവശ്യമില്ലാതെ ചുറ്റിക്കറങ്ങുന്നവര്‍ പോലീസ് പിടിയിലാകുന്നുണ്ട്. ചൊവ്വാഴ്ച ഒരാളുടെ പേരില്‍ ന്യൂമാഹി പോലീസ് കേസെടുത്തു. ജോലികഴിഞ്ഞ് വരികയായിരുന്ന മാഹിയിലെ വിവിധ വകുപ്പ് ജീവനക്കാരെയും ഉദ്യോഗസ്ഥരെയും, തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും ദീര്‍ഘനേരം തടഞ്ഞിട്ടതായി ജീവനക്കാരുടെ സംഘടന സി.എസ്.ഒ. സെക്രട്ടറി കെ.ഹരീന്ദ്രന്‍ ആരോപിച്ചു. അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകള്‍ മുടങ്ങും. തലശ്ശേരി ഡിവൈ.എസ്.പി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മാഹി പാലത്തില്‍ പോലീസ് പരിശോധന നടത്തുന്നത്.
പൂഴിത്തലയില്‍ ചോമ്ബാല പോലീസിന്റെ നേതൃത്വത്തിലും പരിശോധന നടക്കുന്നു.