ലോക്ക്ഡൗൺ കാലത്ത് വൈദ്യുതി ബിൽ തുക വർധിച്ചതിൽ അപാകതകളില്ലെന്ന് മുഖ്യമന്ത്രി

0 515

ലോക്ക്ഡൗൺ കാലത്ത് വൈദ്യുതി ബിൽ തുക വർധിച്ചതിൽ അപാകതകളില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് വൈദ്യുതി ബിൽ തുക വർധിച്ചതിൽ അപാകതകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈദ്യുതി ഉപയോഗം വർധിച്ചത് സ്വഭാവികമായി സംഭവിച്ചതാണ്, എന്നാൽ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ വിഷയം പരിശോധിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിരുന്നുവെന്നും, ചില തീരുമാനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാധാരണനിലയിൽ തന്നെ വൈദ്യുതി ഉപയോഗം വർധിക്കുന്ന സമയമാണ് ഫെബ്രുവരി മുതൽ മെയ് വരെയുള്ള സമയം. ഇത്തവണ ലോക്ക്ഡൗൺ കൂടിയായതിനാൽ വൈദ്യുതി ഉപഭോഗം വർധിച്ചു. റീഡിങ് എടുക്കാൻ കഴിയാതിരുന്നതിനാൽ നാല് മാസത്തെ ബിൽ ഒന്നിച്ചാണ് കൊടുത്തത്. അതുകൊണ്ടാണ് ബിൽ തുക വർധിച്ചത്. താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ യാതൊരു വ്യത്യാസവും ഇപ്പോൾ വരുത്തിയിട്ടില്ല. എങ്കിൽപ്പോലും പരാതി ഉയർന്ന സാഹചര്യത്തിൽ ഈ പ്രശ്നം പരിശോധിച്ചിരുന്നു. ഇതുപ്രകാരം ഒന്നിച്ച് ബിൽ അടക്കുന്നതിന് പ്രയാസമുള്ളവർക്ക് തവണകൾ അനുവദിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ബിൽ അടച്ചില്ല എന്ന കാരണത്തിൽ ആരുടേയും വൈദ്യുതിബന്ധം വിഛേദിക്കില്ല.

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോൾ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്ക് ഇപ്പോൾ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും.
ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടക്കാൻ 3 തവണകൾ അനുവദിച്ചിരുന്നു. ഇത് 5 തവണകൾ വരെ ആക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോർഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഗുണം 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് ലഭിക്കും