പായത്ത് സാമൂഹ്യ അടുക്കള ബിരിയാണി ക്കടയായി: മിച്ചം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

0 1,126

പായത്ത് സാമൂഹ്യ അടുക്കള ബിരിയാണിക്കടയായി: മിച്ചം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇരിട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ പായം ഗ്രാമപഞ്ചായത്ത് ബിരിയാണി വെച്ച് വിളമ്പി. പഞ്ചായത്തിന് കീഴിലെ സാമൂഹ്യ അടുക്കളയാണ് വ്യാഴാഴ്ച്ച ബിരിയാണി കടയായി മാറിയത്. 47 ദിവസമായി നിർധനർക്കും, അഗതികൾക്കും ഭക്ഷണം നൽകിയ സമൂഹ അടുക്കളയിൽ നിന്നും വ്യാഴാഴ്ച ബിരിയാണിയാണ് ഗ്രാമവാസികൾക്ക് നൽകിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി 2000 ബിരിയാണി വെച്ച് വിളമ്പാനായിരുന്നു എടുത്ത തീരുമാനം. ബിരിയാണി വേണ്ട വരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സന്നദ്ധസംഘടനകളും കുടുംബശ്രീയേയും ചുമതലപ്പെടുത്തി.അധികൃതരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് ഗ്രാമപഞ്ചായത്തിന് നാലായിരത്തിലധികം പേരാണ് ബിരിയാണിക്ക് ഓർഡർ ചെയ്തത്.
ഒരു ബിരിയാണിക്ക് 100 രൂപ നിരക്കിൽ പാഴ‌സലായി സന്നദ്ധ സംഘടനകളും ആരോഗ്യപ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് വീടുകളിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ ബിരിയാണി വിതരണം രാത്രി വരെ നീണ്ടു. റംസാൻ കാലമായതിനാൽ മുസ്ലിം സഹോദരങ്ങൾക്ക് ഉച്ചയ്ക്കുശേഷമാണ് ബിരിയാണി ഉണ്ടാക്കി നൽകിയത് .ചെലവ് കഴിച്ച് ബിരിയാണി വിറ്റവകയിൽ നിന്നുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അശോകൻ പറഞ്ഞു.വ്യത്യസ്ത വഴിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളും സംഘടനകളും തങ്ങളാൽ ആവുന്ന സഹായങ്ങൾ നൽകുമ്പോൾ സ്‌നേഹം വെച്ചുവിളമ്പിയാണ് പായം ഗ്രാമപഞ്ചായത്ത് തങ്ങളുടെ ദൗത്യം മാതൃകാപരമായി നിറവേറ്റിയത്. സാമൂഹ്യ അകലം പാലിച്ച് പ്രദേശത്തെ നിരവധി സന്നദ്ധ പ്രവർത്തകരാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.വാഴയില വാട്ടി വിളമ്പിയ ബിരിയാണി കടലാസിൽ പൊതിഞ്ഞ് റബ്ബർ ബാൻഡ് ഇട്ട ഭദ്രമാക്കി വീടുകളിൽ എത്തിക്കുകയായിരുന്നു. കുടുംബശ്രീ ചെയർപേഴ്‌സൺ എ .ഷജിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സാവിത്രി , സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പവിത്രൻ കരിപ്പായി ,വി.കെ പ്രേമരാജൻ, കെകെ വിമല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിരിയാണി തയ്യാറാക്കിയത്.സമൂഹ്യ അടുക്കള വഴി 7000പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത് .