തിരുവല്ല കൊലപാതകത്തിൽ മുഖ്യമന്ത്രിയുടെ മൗനം ആർഎസ്എസിനുള്ള പിന്തുണ; ഷാഫി പറമ്പിൽ

0 557

തിരുവല്ലയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. മുഖ്യമന്ത്രിയുടെ മൗനം ആർ.എസ്.എസിന് പിന്തുണയാണ്. തലശ്ശേരിയിൽ ആർഎസ്എസിന്റെ പ്രകോപന പ്രകടനത്തിൽ പോലീസിന് കേസ് എടുക്കാൻ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ വേണ്ടി വന്നെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ

പാലാ വിഷയത്തിലും ഗവൺമെന്റിന് മൗനമായിരുന്നു. പ്രതിപക്ഷം ഇടപെട്ടാണ് വാ തുറക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറായത്. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ മുഖ്യമന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല. ഷിജു ഖാൻ നടപ്പാക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ നടന്ന തീരുമാനങ്ങളാണെന്നും ഷാഫി പറഞ്ഞു.

സംഘ് പരിവാർ കഴിക്കുന്ന ഭക്ഷണത്തിൽ മതം കലർത്തി. ഇനി ശ്വസിക്കുന്ന വായുവിലും കൂടി മാത്രമെ മതം ചേർക്കാനുള്ളു. ഇതിനെതിരെ ജനാധിപത്യ പ്രധിരോധം തീർക്കേണ്ടത് അനിവാര്യമാണെന്നും ഷാഫി കൂട്ടിച്ചേർത്തു.