തീരസംരക്ഷണ പദ്ധതി:ചെല്ലാനത്തിന് 10 കോടിരൂപ അനുവദിച്ചു
കടലാക്രമണങ്ങളില്‍ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനതല തീരസംരക്ഷണ പദ്ധതി പ്രകാരം ചെല്ലാനത്തിന് 10 കോടിരൂപ അനുവദിച്ചു. ചെല്ലാനത്ത് എട്ടു കോടി ചെലവില്‍ ഒരു കിലോ മീറ്റര്‍ നീളമുള്ള കടല്‍ഭിത്തി ജിയോ ട്യൂബുകള്‍ ഉപയോഗിച്ച് നിര്‍മിക്കും. 2021 ജനുവരിയോടെ ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതോടൊപ്പം ചൊല്ലാനത്തെ ബസാര്‍ ഭാഗത്ത് 220 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി പണിയുന്നതിന് ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍, ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി പ്രദേശങ്ങളില്‍ ജിയോ ബാഗ് ഉപയോഗിച്ച് 270 മീറ്റര്‍ നീളത്തില്‍ താല്‍ക്കാലിക കടല്‍ഭിത്തി പണിയുന്നതിന് 30 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പാക്കും.
ചെന്നൈ ഐഐടിയിലെ ഓഷ്യന്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ വിദഗ്ധ നിര്‍ദ്ദേശം അനുസരിച്ച് തയാറാക്കുന്ന മാലാഖപ്പടിയിലെ രണ്ട് പുലിമുട്ടുകളുടെ നിര്‍മാണം, മാലാഖപ്പടിയിലും കണ്ണമാലിയിലുമുള്ള മറ്റ് മൂന്ന് പുലിമുട്ടുകളുടെ പുനരുദ്ധാരണം എന്നിവ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപകല്പന ചെയ്ത് നടപ്പാക്കും.
അറ്റകുറ്റപ്പണികള്‍ക്ക് ഏകദേശം നാലു കോടി രൂപയും, പുതിയവയുടെ നിര്‍മാണത്തിന് ആറ് കോടി രൂപയും ഉള്‍പ്പെടെ 10 കോടി രൂപയാണ് പുലിമുട്ടുകള്‍ക്കായി ഇവിടെ ചെലവാക്കുന്നത്. കൂടാതെ നൂതന സാങ്കേതിക രീതിയിലുള്ള തീര സംരക്ഷണ മാര്‍ഗങ്ങള്‍ സംബന്ധിച്ച പഠനം ചെന്നൈ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ ടെക്‌നോളജിയുടെ സഹായത്തോടെ നടത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്