‘ഇരട്ടത്താപ്പിന്റെ പേരാണ് കമ്മ്യൂണിസം’; പാചകക്കാരായി ബ്രാഹ്‌മണരെ ക്ഷണിച്ച ദേവസ്വം ബോർഡ് ഉത്തരവിനെതിരെ ബി.ജെ.പി
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പാചകക്കാരായി ബ്രാഹ്‌മണരെ ക്ഷണിച്ച ദേവസ്വം ബോർഡ് നടപടിക്കെതിരെ എതിർപ്പുമായി ബി.ജെ.പി. ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവയക്കായി ഭക്ഷണമുണ്ടാക്കാനാണ് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്‌മണരായിരിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഇതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തി. ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ തല പരിശോധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സി.പി.എം നേതാവായ അഡ്വ. കെ.ബി മോഹൻദാസ് ചെയർമാനായ ഭരണസമിതി ഇത്തരമൊരു തീരുമാനമെടുത്തത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ തല പരിശോധിക്കണം. ദേവസ്വം ബോർഡ് ഭരിക്കുന്നത് മറ്റാരുമല്ല സിപിഎം നേരിട്ടാണ്. സിപിഎം നേതാവ് അഡ്വ. കെ ബി മോഹൻദാസ് ചെയർമാനായുള്ള ഭരണ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എന്നിട്ടും ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെട്ടെങ്കിൽ അത് ഹിന്ദു സമൂഹത്തിൽ അനൈക്യവും വിവേചനവും ഉണ്ടാക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾക്കിടയിൽ ഇപ്പോഴും ജാതി വിവേചനം രൂക്ഷമാണെന്ന് വരുത്തി തീർക്കാനുള്ള സംഘടിത നീക്കം ഇതിന് പിന്നിലുണ്ട്. സിപിഎം ഭരണ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. അവർ അറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങില്ല. ഉത്തരേന്ത്യയിൽ പട്ടി ചത്താലും മോദി ഉത്തരം പറയണം എന്ന് ശഠിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം പോലെ അല്ല ഇത്.
#ഇരട്ടത്താപ്പിന്റെ_പേരാണ്_കമ്മ്യൂണിസം.