ജില്ലയില്‍ 71 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്യൂണിറ്റി കിച്ചനുകള്‍ 

0 1,143

 


കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി ജില്ലയിലെ 71 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 7500ലേറെ പേര്‍ക്കാണ് ഞായറാഴ്ച ഇവ വഴി ഉച്ചഭക്ഷണം ലഭ്യമാക്കിയത്.
കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, ഇരിട്ടി, ആന്തൂര്‍, മട്ടന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ, തലശ്ശേരി നഗരസഭകള്‍, 61 പഞ്ചായത്തുകള്‍ തുടങ്ങി 71 തദ്ദേശ സ്ഥാപനങ്ങളിലാണ് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍, തലശ്ശേരി നഗരസഭ പരിധികളില്‍ രണ്ട് വീതം കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍, ലോക്ക് ഡൗണ്‍ കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍, ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
കണ്ണൂരില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണ്‍ സണ്‍ ഷൈന്‍ ഓഡിറ്റോറിയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്‌കൂളില്‍ ജില്ലാ ഭരണകൂടം സ്‌പെഷ്യല്‍ കമ്യൂണിറ്റി കിച്ചനും ആരംഭിച്ചിട്ടുണ്ട്.  ‘കണ്ണൂര്‍ താലി’ എന്ന പേരിലാണ് ഇവിടെ ഭക്ഷണ വിതരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ ഒറ്റപ്പെട്ടു പോയ ആളുകള്‍, അതിഥി തൊഴിലാളികള്‍, കൊറോണ കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ചിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇവിടെ നിന്നും  ഭക്ഷണം ഒരുക്കി നല്‍കുന്നത്.