മാനന്തവാടി: രണ്ട് വർഷത്തോളം പരാതികളില്ലാത്ത വിധം നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന വെള്ളമുണ്ട പഞ്ചായത്തിലെ തനിമ ജനകീയ ഹോട്ടൽ മതിയായ കാരണമില്ലാതെ മാറ്റി നൽകിയതിനെതിരെ കുടുംബശ്രീ പ്രവർത്തകർ രംഗത്ത്. അർഹതപ്പെട്ട സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച നടപടിക്കെതിരെ വ്യാഴാഴ്ച വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തുമെന്ന് തനിമ ആക്ടിവിറ്റി ഗ്രൂപ്പ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും അനുമതിയോടെ പ്രവർത്തിച്ചു വന്നിരുന്ന ജനകീയ ഹോട്ടൽ നടത്തിപ്പിനായി ജില്ലാ മിഷൻ്റെ നിർദ്ദേശപ്രകാരം കേറ്ററിംഗ് പരിശീലനം ലഭിച്ചിരുന്നു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി ജനകീയ ഹോട്ടൽ മറ്റൊരു യൂണിറ്റിന് നൽകിയത് കാരണം വൻ സാമ്പത്തിക ബാധ്യതയാണ് തങ്ങൾക്കുണ്ടായത്. കെട്ടിട വാടക, കരണ്ട് ബിൽ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ചെലവുകളും സബ്സിഡി തുകയിലൊരു ഭാഗവും ഇത് വരെയും ലഭിച്ചിട്ടില്ല. ഇതിന് പുറമെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രചരണങ്ങളാണ് നടത്തുന്നത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
അപകീർത്തി പ്രചരണത്തിനെതിരെയും ആനുകൂല്യങ്ങൾ തടഞ്ഞതിനെതിരെയും വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഹോട്ടൽ നടത്തിപ്പുകാരായിരുന്ന സരള മണി.കെ.പി, ദീപ രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.