പെരിക്കല്ലൂർക്കടവിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി.
പുൽപ്പള്ളി: പെരിക്കല്ലൂർക്കടവിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കർണാടക വനത്തിൽ നിന്നും കബനിപ്പുഴ കടന്ന് സന്ധ്യമയങ്ങുന്നതോടെ ആനകൾ കൂട്ടമായിലെത്തി കർഷകരുടെ കപ്പ, വാഴ, ചേന, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
പെരിക്കല്ലൂർ, തോണിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ആഴ്ചകളായി ആനശല്യം രൂക്ഷമായത്. തോണിക്കടവിലെ വീടുകളുടെ മുറ്റത്തു പോലും ആനകൾ എത്താൻ തുടങ്ങിയതോടെ സന്ധ്യമയങ്ങിയാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കബനിത്തീരത്ത് വൈദ്യുതി ഫെൻസിംഗ് ഇല്ലാത്തതും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതുമാണ് ആനശല്യം ദിനംപ്രതി വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ആനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയില്ലെന്നുമാണ് കർഷകർ പറയുന്നത്.