യുവാവിന്റെ പേരിൽ അശ്ലീല ചാറ്റ് വ്യാജമായി നിർമിച്ച് പ്രചരിപ്പിച്ച കേസിൽ മോഡൽ രശ്മി ആർ. നായർക്കെതിരെ കേസ്. മലപ്പുറം വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.
അശ്ലീല ഭാഷയിൽ ചാറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിനെതിരെ രശ്മി ആരോപണമുന്നയിച്ചത്. ഇജാസിന്റെ ചാറ്റെന്ന പേരിൽ വ്യാജ സ്‌ക്രീൻഷോട്ടുണ്ടാക്കി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തിൽ കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രശ്മി വെളിപ്പെടുത്തി. പരാതി നൽകാൻ ബംഗളൂരുവിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്നും വാദമുണ്ടായിരുന്നു.
എന്നാൽ, രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി പ്രതികരിച്ചു. ഇജാസിന്റെ പേരോടെ പങ്കുവച്ച സ്‌ക്രീൻഷോട്ട് വ്യാജമാണെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.