സംസ്ഥാനത്ത് ഉത്സവങ്ങൾക്ക് ഇളവ്; തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും

0 866

സംസ്ഥാനത്ത് ഉത്സവങ്ങൾക്ക് ഇളവ്; തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും

സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. ഉത്സവങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം വർധിപ്പിച്ചു. പരമാവധി 1500 പേർക്ക് ഉത്സവങ്ങളിൽ പങ്കെടുക്കാൻ ഇനി അനുമതി ഉണ്ടാവും. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി അടക്കം ഉള്ള ഉത്സവങ്ങളിലാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.