ഹിജാബ് വിഷയത്തിലുള്ള സംഘര്‍ഷം രാജ്യത്തിന് അപമാനം; കെ. സുധാകരന്‍

0 1,234

ഹിജാബ് വിഷയത്തിലുള്ള സംഘര്‍ഷം രാജ്യത്തിന് അപമാനം; കെ. സുധാകരന്‍

കര്‍ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ചിന്തയുടെ അടിസ്ഥാനത്തിലാണ് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിവിധ സംസ്‌കാരങ്ങളെ, ചിന്തകളെ, മതങ്ങളെ, ജാതികളെ ഒരു മാലയിലെ മുത്തുകള്‍ പോലെ കൊരുത്തെടുത്ത് കോണ്‍ഗ്രസ് കരുത്തുറ്റ ഈ മഹാരാജ്യത്തെ സൃഷ്ടിച്ചത്.

ജാതിമത ചിന്തകള്‍ക്കതീതമായി ഇന്ത്യ എന്ന വികാരത്തെ ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചത്. സ്‌കൂള്‍ യൂണിഫോമിനൊപ്പം മതവിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് ധരിക്കരുതെന്ന് പറയാന്‍ ഈ രാജ്യവും രാജ്യത്തിന്റെ ഭരണ ഘടനയും ഉണ്ടാക്കിയത് ആര്‍.എസ്.എസ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജയ് ശ്രീറാം എന്നും അള്ളാഹു അക്ബര്‍ എന്നുമുള്ള മന്ത്രധ്വനികളെ പോര്‍വിളികളാക്കി മാറ്റി ഈ മണ്ണിന്റെ മക്കള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മുറിവേല്‍ക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തിനാണ്. വെറും ഒരു പതിറ്റാണ്ട് കൊണ്ട് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരില്‍ തെരുവുകളെ സംഘര്‍ഷഭരിതമാക്കുന്ന തീവ്രവാദികളെ ബി.ജെ.പി ഭരണകൂടം രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഈ രാജ്യത്ത് എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടും. മതകലാപങ്ങള്‍ സൃഷ്ടിച്ച് അധികാരം നിലനിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിവാദം ജനുവരിയിലാണ് ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥിനികള്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെ പുറത്ത് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

അതേസമയം ഉഡുപ്പി, ശിവമോഗ, ബഗാല്‍കോട്ട എന്നിവടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിവാദം കനത്തതോടെ പൊലീസ് ഇടപെട്ടു.
ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ കോളജിന് പുറത്തുതന്നെ നില്‍ക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. കോളജിന്റെ നിലപാടിനെതിരെ വിദ്യാര്‍ത്ഥിനികള്‍ സമരം തുടരുകയാണ്.