കോണ്‍ഗ്രസിന്റെ കറുത്ത വസ്ത്രമിട്ടുള്ള പ്രതിഷേധം രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസം തന്നെ; അമിത് ഷാ

0 689

കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കറുത്ത വസ്ത്രം ധരിച്ച് വിജയ് ചൗക്കില്‍ പ്രതിഷേധിച്ചതിനാണ് കോണ്‍ഗ്രസ് നേതാക്കളെ അമിത് ഷാ വിമര്‍ശിച്ചത്. യഥാര്‍ത്ഥത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍

രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ദിവസം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത് കോണ്‍ഗ്രസിന്റെ പ്രീണന നയമെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി കോണ്‍ഗ്രസ് അംഗീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടിയെടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ അമിത് ഷായുടെത് ജനാധിപത്യ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ദുര്‍മനസുള്ളവര്‍ക്ക് മാത്രമേ വ്യാജ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ എന്ന് ജയ്‌റാം രമേശ് പറഞ്ഞു.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികള്‍ക്കുമെതിരെ നടന്ന കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിനിടയിലാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന പ്രിയങ്ക ഗാന്ധിയെയും ബലമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത്.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
വിജയ് ചൗക്കില്‍ ഒന്നര മണിക്കൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തി. ഐസിസി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്ന് നടന്നത്.

Get real time updates directly on you device, subscribe now.