‘നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം’; പോക്‌സോ കേസിൽ യുവാവിനെ വെറുതെ വിട്ട് കോടതി

0 1,395

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശിയായ 24 കാരനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. നടന്നത് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധമാണെന്ന് പ്രത്യേക കോടതി ജഡ്ജി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ വെറുതെ വിട്ടത്.

2014 ല്‍ അയൽവാസിയായ യുവാവ് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തുൾജാപൂരിലേക്ക് ഒളിച്ചോടി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം പോക്‌സോ പ്രകാരം കേസെടുത്തത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് പിന്നീട് ഇരുവരെയും കണ്ടെത്തി.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതിനാൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്താനാവില്ലെന്ന് കോടതി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് 17 വയസും 6 മാസവും ആയിരുന്നുവെന്ന് കോടതി അനുമാനിക്കുന്നു. ഈ പ്രായത്തിലുള്ള പെൺകുട്ടിക്ക് കാര്യങ്ങൾ മനസ്സിലാക്കാനായിട്ടുണ്ടെന്നും സ്‌പെഷ്യൽകോടതി അഭിപ്രായപ്പെട്ടതായി ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. അതുകൊണ്ട് ഇതിനെ ബലാത്സംഗം എന്ന് വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സ്‌പെഷ്യൽകോടതി ജഡ്ജി വിവി വിർകർ ആണ് വിധി പറഞ്ഞത്.