ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് സഹായഹസ്തവുമായി സ്വകാര്യ ബസ്സ് ജീവനക്കാരുടെ നേതൃത്വത്തിൽ സാന്ത്വനയാത്ര

0 655

ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യവുമായി സ്വകാര്യ ബസ്സ് ജീവനക്കാരുടെ നേതൃത്വത്തിൽ സാന്ത്വനയാത്ര നടത്തി. ബസ്സ് ജീവനക്കാരനായ ചിറ്റാരിപ്പറമ്പ് കൈച്ചേരിയിലെ സുബീഷിൻ്റെ ചികിത്സക്കു വേണ്ടിയാണ് തലശ്ശേരി- കേളകം റൂട്ടിൽ സർവ്വീസ് നടത്തുന്ന ക്യൂൻമേരി ബസ്സ് കാരുണ്യയാത്ര നടത്തിയത്.

സ്വകാര്യ ബസ്സ് ജീവനക്കാരനായിരുന്ന ചിറ്റാരിപ്പറമ്പ് കൈച്ചേരിയിലെ സുബീഷിൻ്റെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സാന്ത്വന യാത്ര സംഘടിപ്പിച്ചത്. തലശ്ശേരി- കേളകം റൂട്ടിൽ സർവ്വീസ് നടത്തുന്ന ക്യൂൻമേരി ബസ്സിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് സാന്ത്വനയാത്ര നടത്തിയത്. ടിക്കറ്റ് നൽകാതെ ബക്കറ്റിലായിരുന്നു ചികിത്സക്കാവശ്യമായ ധനം ശേഖരണം. യാത്രക്കാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി റിക്കാർഡ് ചെയ്ത എനൗൺസ്മെൻ്റും ഒരുക്കിയിരുന്നു. ചികിത്സാ സഹായ കമ്മറ്റിക്ക് കൈത്താങ്ങാവുന്നതിന് വേണ്ടിയാണ് സാന്ത്വനയാത്ര സംഘടിപ്പിച്ചത്.
മസ്തിഷ്ക്കാഘാതത്തെ തുടർന്നാണ് സുബീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു 37 കാരനായ സുബീഷ്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനകം കുടുംബം ചികിത്സക്കായി ചിലവഴിച്ചിട്ടുള്ളത്. സുബീഷിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇനിയും 20 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. നിർദ്ദന കുടുംബാംഗമായ സുബീഷിൻ്റെ ചികിത്സക്കായി കെ.കെ.ശൈലജ ടീച്ചർ എം എൽ എ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീല, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് വി.ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം യു.പി.ശോഭ എന്നിവർ രക്ഷാധികാരികളായി കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്.
കേരള ഗ്രാമീൺ ബാങ്ക് കണ്ണവം ബ്രാഞ്ചിൽ പ്രത്യേക എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. AC No 407 15101038143
IFSE KLGB 0040715