കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള ‘കാളികയം കുടിവള്ള പദ്ധതി’യുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു

0 576

കേളകം: കാളികയം കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള വലിയ പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യഭാഗമായ കാളികയത്തെ കിണർ, അത്തിത്തട്ടിലെ ജല ശുദ്ധീകരണശാല എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായി. രണ്ടാം ഭാഗമായ ശുദ്ധീകരണ ശാലയിലേക്കും അവിടെ നിന്നും മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുമുള്ള 4.8 കി.മി. പൈപ്പിടൽ ഭൂരിഭാഗവും പൂർത്തിയാക്കിയിട്ടുണ്ട്.

മൂന്നാം ഭാഗത്തിൽ മഞ്ഞളാംപുറം, വെണ്ടേക്കുംചാൽ, മേമല എന്നിവിടങ്ങളിൽ ടാങ്ക് നിർമ്മാണങ്ങളാണുള്ളത്. ഇതിൽ വെണ്ടേക്കുംചാൽ ടാങ്ക് നിർമ്മാണവും പൂർത്തിയാക്കി‌. നാലം ഭാഗത്തിൽ പൂവത്തിൻചോല, വെള്ളൂന്നി എന്നിവിടങ്ങളിൽ ടാങ്കുകളും മഞ്ഞളാംപുറത്തു നിന്നും ഇവിടങ്ങളിലേക്കു പൈപ്പിടലുമാണുള്ളത്. ഈ ഭാഗം ആരംഭിച്ചിട്ടില്ല. നാലുഭാഗങ്ങൾക്കുമായി 35 കോടി രൂപയാണ് ചെലവ്.

വിടുകളിലേക്ക് വിതരണ പൈപ്പ് ലൈനിൻ്റെ പ്രവൃത്തികൾ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 4500 ഓളം കണക്ഷനുകൾ നൽകും. രണ്ടാമത് 5000 ലേറെ കണക്ഷനുകളും നൽകും. വീടുകളിൽ വെള്ളമെത്തിക്കാൻ 100 കോടി രൂപ ചെലവുവരുന്ന വലിയ പദ്ധതികളാണ് ജൽ ജീവൻ മിഷൻ വഴി നടപ്പാക്കുന്നത്.

നേരത്തെ കാളികയത്ത് ബാവലി പുഴയ്ക്കരികിലെ കിണർ നിർമ്മാണ പ്രവൃത്തികൾ കാലവർഷം ശക്തമായതോടെ നിർത്തിവെച്ചിരുന്നു. ലോക്ഡൗൺ സമയത്ത് കളക്ടറുടെ പ്രത്യേക അനുമതിയോടെ പണികൾ തുടർന്നു. ഇപ്പാേൾ 13 മീറ്റർ ഉയരമുള്ള കിണർ പൂർത്തിയായി. ദിവസേന 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.