പ്രതിരോധ മാര്‍ഗമായി ഗ്രാമങ്ങളില്‍ ചേക്കേറി നഗരവാസികള്‍
കോഴിക്കോട്: ‘ജോലിയും മക്കളുടെ വിദ്യാഭ്യാസ സൗകര്യവും പരിഗണിച്ചാണ് കോഴിക്കോട് നഗരത്തില്‍ ഫ്ലാറ്റെടുത്ത് താമസിക്കുന്നത്. തല്‍ക്കാലത്തേക്ക് ഫ്ലാറ്റ് പൂട്ടിയിട്ട് തറവാട്ടുവീട്ടിലേക്ക് തിരിച്ചുപോവുകയാണ്’ -സര്‍ക്കാര്‍ ജീവനക്കാരനായ യുവാവ് പറയുന്നു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നാടെങ്ങും ജാഗ്രത തുടരുമ്ബോള്‍ സമ്ബര്‍ക്ക വിലക്കിന് പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് നഗരവാസികളില്‍ ചിലര്‍. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ ഗ്രാമങ്ങളിലെ വീടുകളിലേക്ക് മടങ്ങുന്നതാണ് പുതിയ ‘പ്രതിരോധ മാര്‍ഗം’. ബംഗളൂരുവിലടക്കം ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും തിരിച്ചുവരുന്നുണ്ട്. മറ്റുള്ളവരുമായി ഇടപെടലുണ്ടാകുമെന്ന് ഭയന്നാണ് വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ താമസിക്കുന്നവര്‍ ഗ്രാമങ്ങളിലെ കുടുംബ വീടുകളിലേക്കെത്തുന്നത്.
അതിര്‍ത്തികള്‍ അടക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നയുടന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങിയത്. ആരോഗ്യ വകുപ്പിെന്റ നിര്‍ദേശമുള്ളതിനാല്‍ പലരും വീടുകളില്‍തന്നെ കഴിയുകയാണ്.
ബംഗളൂരു ഐ.ടി മേഖലയിലെ ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന ആശയം ‘നാട്ടിലിരുന്ന് ജോലി’ എന്ന് മാറ്റിയിരിക്കുകയാണ്. ഗ്രാമങ്ങളില്‍പോലും മികച്ച ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ളതും അനുഗ്രഹമാണ്. എന്നാല്‍, പതിവുപോലെ തിരക്കിട്ട ജോലി ഇപ്പോഴില്ലെന്നും ഐ.ടി രംഗത്തുള്ളവര്‍ പറയുന്നു.
0അതേസമയം, നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നവരില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്യൂണിറ്റി മെഡിസിന് വിദഗ്ധനായ ഡോ. ടി. ജയകൃഷ്ണന് പറഞ്ഞു. നഗരങ്ങളില്‍നിന്ന് തിരിച്ചുവരുന്നവരുടെ കുടുംബവീടുകളില്‍ വൃദ്ധരായ മാതാപിതാക്കളുണ്ടാകും. അവരുടെ ആരോഗ്യംകൂടി നോക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിത ഇടം തേടിയുള്ള യാത്രയാണ് ഗ്രാമങ്ങളിലേക്കുള്ള ചേക്കേറലെന്ന് മാനസികാരോഗ്യ വിദഗ്ധനായ ഡോ. സി.ജെ. ജോണ്‍ അഭിപ്രായപ്പെട്ടു. മാനസികമായ സുരക്ഷിതബോധവും ഇതിനുപിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.