ഡിസംബറില്‍ 370 രൂപയുള്ള മാസ്കിന് ഫെബ്രുവരിയില്‍ 1600 രൂപ; വ്യാപക റെയ്ഡ്

0 178

ഡിസംബറില്‍ 370 രൂപയുള്ള മാസ്കിന് ഫെബ്രുവരിയില്‍ 1600 രൂപ; വ്യാപക റെയ്ഡ്

കൊച്ചി: കൊറോണ ജാഗ്രത വര്‍ധിക്കുമ്ബോള്‍ സംസ്ഥാനത്ത് മാസ്‌കുകളുടെ വില്‍പനയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമമെന്ന് കണ്ടെത്തല്‍. മാസ്‌കുകളുടെ പായ്ക്കില്‍ വന്‍വില രേഖപ്പെടുത്തി കൂടിയ വിലയ്ക്ക് വില്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാസ്‌കുകള്‍ പൂഴ്ത്തിവെക്കുന്നതായും വില ക്രമാതീതമായി വര്‍ധിച്ചതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. എറണാകുളം നഗരത്തിലും പരിസരത്തുമായി പത്തോളം ഇടങ്ങളില്‍ റെയ്ഡ് നടന്നു.

ഒരേതരം മാസ്‌കുകള്‍ക്ക് ഏതാനും മാസങ്ങള്‍ കൊണ്ട് അഞ്ചിരട്ടിയിലേറെ വില വര്‍ധിച്ചതായാണ് റെയ്ഡില്‍ വ്യക്തമായത്. ഡിസംബറില്‍ 591 എന്ന ബാച്ച്‌ നമ്ബറില്‍ ഡിസംബറില്‍ പുറത്തുവന്ന 100 മാസ്‌കുകളുടെ പായ്ക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 370 രൂപയാണെങ്കില്‍ ഇതേ മാസ്‌കിന്റെ 593 ബാച്ച്‌ നമ്ബറില്‍ ഫെബ്രുവരി മാസത്തില്‍ പുറത്തിറക്കിയ മാസ്‌കുകള്‍ക്കാകട്ടെ 1600 രൂപയാണ് വിലയിട്ടിരിക്കുന്നത്. അഞ്ചു രൂപയ്ക്ക് ലഭിച്ചിരുന്ന മാസ്‌കുകളുടെ പായ്ക്കില്‍ ഒരു മാസ്‌കിന് 40 രൂപയാണ് എം.ആര്‍.പി എഴുതിയിരിക്കുന്നത്. ഇവയിപ്പോള്‍ 20-25 രൂപയ്ക്കാണ് വില്‍ക്കുന്നത്.

സാധാരണ മാസ്‌കുകളുടെ വില അഞ്ചിരട്ടിയോളം വര്‍ധിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് റീജിയണല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ ബെന്നി മാത്യു പറഞ്ഞു. ‘മാസ്‌കുള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ചൈനയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വരുന്നത് നിന്നതോടെ നിര്‍മാണച്ചെലവും വര്‍ധിച്ചെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ ഇത്രയും വിലവര്‍ധന ഉണ്ടാകേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാക്കുന്നത്’ -ബെന്നി മാത്യു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഷോപ്പുകള്‍ വഴിയാണ് വില്‍ക്കുന്നതെങ്കിലും മാസ്‌കുകള്‍ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിന്റെ കീഴില്‍ വരുന്ന ഉത്പന്നമല്ല. ദുരന്തനിവാരണ നിയമപ്രകാരം കളക്ടറാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും റീജിയണല്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.