ആര്‍ഭാടമില്ലാതെ വിവാഹങ്ങള്‍; ആളൊഴിഞ്ഞ് മരണവീടുകള്‍
കൊട്ടും പാട്ടും കച്ചേരിയും ടിക് ടോക്കുമൊക്കെയായി ഒരു “ന്യൂജെന്‍ കല്യാണം” സ്വപ്‌നം കണ്ടവരാണു പത്തനംതിട്ട, അഴൂര്‍ പനയ്‌ക്കല്‍ വീട്ടില്‍ വിഷ്‌ണുവും കോന്നി ഐരവണ്‍ കൃഷ്‌ണപ്രിയയില്‍ പാര്‍വതിയും.
കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു വിവാഹനിശ്‌ചയം. എന്നാല്‍, സര്‍ക്കാരിന്റെ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഗൗരവമായെടുത്ത്, 19-നു മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നടക്കേണ്ട വിവാഹം ആര്‍ഭാടരഹിതമാക്കാനാണ് ഇരുവരുടെയും തീരുമാനം. ഇരുഭാഗത്തുനിന്നും അടുത്ത ബന്ധുക്കളായ 30 പേരേ സാക്ഷികളായുണ്ടാകൂ. നാടടച്ച് ക്ഷണിച്ചവര്‍ക്കായി കോവിഡ് ഭീതി ഒഴിയുന്നമുറയ്‌ക്ക് വിപുലമായ സല്‍ക്കാരമൊരുക്കും. ഇതു വിഷ്‌ണുവിന്റെയും പാര്‍വതിയുടെയും മാത്രം കല്യാണക്കാര്യമല്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം സംസ്‌ഥാനമെമ്ബാടും വിവാഹച്ചടങ്ങുകള്‍ മാറ്റിവയ്‌ക്കുകയോ ആര്‍ഭാടരഹിതമായി സംഘടിപ്പിക്കുകയോ ചെയ്യുന്നു. ഇടുക്കി, തൊടുപുഴ മേഖലയില്‍ പുറപ്പുഴ സ്വദേശിയായ യുവാവും മണക്കാട് സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം മാറ്റിവച്ചു. മുട്ടം സ്വദേശിയുടെ വിവാഹം ആഘോഷമൊഴിവാക്കി ലളിതമായി നടത്താന്‍ തീരുമാനിച്ചു.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പലയിടത്തും ഉറ്റബന്ധുക്കള്‍ ഒഴികെയുള്ളവര്‍ എത്തുന്നില്ല. വിവാഹച്ചടങ്ങുകള്‍ മാറ്റിവയ്‌ക്കാമെങ്കിലും മരണാനന്തരച്ചടങ്ങുകളുടെ കാര്യം അങ്ങനെയല്ല. എന്നാല്‍, അടുത്ത ബന്ധുക്കളല്ലാത്തവര്‍ വിഷമത്തോടെയാണെങ്കിലും മരണവീട് സന്ദര്‍ശനം പരമാവധി ഒഴിവാക്കുകയാണ്.
കോവിഡിന്റെ പശ്‌ചാത്തലത്തില്‍, ആരോഗ്യവകുപ്പിന്റെ മുന്‍കരുതല്‍നിര്‍ദേശം അക്ഷരംപ്രതി പാലിച്ചൊരു മരണവീട്. പാലാ, ചക്കാമ്ബുഴയിലെ മരണവീട്ടിലാണു മുന്നറിയിപ്പ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വഞ്ചിന്താനത്തു പരേതനായ വി.എല്‍. തോമസിന്റെ ഭാര്യ അച്ചു (84) ഇന്നലെ രാവിലെയാണു മരിച്ചത്.
തുടര്‍ന്ന് സംസ്‌ക്കാരച്ചടങ്ങുകള്‍ക്കു മുന്നോടിയായി വീട്ടുകാര്‍ ജാഗ്രതാനിര്‍ദേശമടങ്ങിയ ബോര്‍ഡ് പ്രവേശനകവാടത്തില്‍ സ്‌ഥാപിച്ചു.
“സംസ്‌കാരശുശ്രൂഷയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയെ മാനിച്ച്, മൃതശരീരത്തില്‍ ചുംബിക്കാതെ, പ്രാര്‍ഥനയോടെ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. പരസ്‌പരാശ്ലേഷം, ഹസ്‌തദാനം എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്” എന്നീ വിവരങ്ങളായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്.
കോവിഡല്ലെങ്കിലും ‘പേടിപ്പിച്ച്’
മലേഷ്യയില്‍നിന്നെത്തി, ന്യൂമോണിയ ബാധിച്ച് മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം സുരക്ഷാമുന്‍കരുതലോടെ സംസ്‌കരിച്ചതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ആശങ്ക.
എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കേ മരിച്ച ജൈനേഷി(36)നു കോവിഡ് വൈറസ് ബാധയില്ലെന്നു സ്‌ഥിരീകരിച്ചെങ്കിലും മുന്‍കരുതലുകളോടെയാണു മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
മൂടിപ്പൊതിഞ്ഞ മൃതദേഹം 10 മിനിറ്റ് വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചെങ്കിലും അടുത്തേക്കു വരാനോ തൊടാനോ അടുത്ത ബന്ധുക്കളെപ്പോലും അനുവദിച്ചില്ല. നാട്ടുകാരായ ആറംഗസംഘമാണു സുരക്ഷാവസ്‌ത്രങ്ങളും പ്രത്യേക മുഖംമൂടിയും കൈയുറയും ധരിച്ച് സംസ്‌കാരച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. വീടിനു സമീപത്തെ സമുദായ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം. മലേഷ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28-നു പുലര്‍ച്ചെയാണു നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്.
വ്യാജസന്ദേശത്തില്‍ഒറ്റപ്പെട്ട് ഒരു ഗ്രാമം
കാസര്‍ഗോഡ് കോട്ടിക്കുളത്ത് യുവാവ് കോവിഡ് രോഗബാധിതനാണെന്ന വ്യാജപ്രചാരണത്തേത്തുടര്‍ന്ന് പ്രദേശമാകെ ഒറ്റപ്പെട്ട അവസ്‌ഥയില്‍. വ്യാജശബ്‌ദസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജനം ആശങ്കയിലായി.
ദിവസങ്ങള്‍ക്കു മുമ്ബാണു ഖത്തറില്‍നിന്നു നെടുമ്ബാശേരിയില്‍ വിമാനമിറങ്ങിയ കോട്ടിക്കുളം സ്വദേശി നാട്ടിലെത്തിയത്. വിദേശങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശപ്രകാരം യുവാവ് വീട്ടില്‍ സ്വയംനിരീക്ഷണത്തിലായിരുന്നു. ഇതാണു നാട്ടിലൊരാള്‍ കോവിഡ് ബാധിതനാണെന്ന മട്ടില്‍ വ്യാജസന്ദേശമായത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നു ഡി.എം.ഒയുടെ ചുമതല വഹിക്കുന്ന ഡോ. രാംദാസ് പറഞ്ഞു.
വ്യാജസന്ദേശങ്ങള്‍ വൈറല്‍; പരിയാരം ആശുപത്രി വിജനം
സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തേത്തുടര്‍ന്ന് കണ്ണൂര്‍, പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയെ കൈയൊഴിഞ്ഞ് രോഗികള്‍. ആശുപത്രിയില്‍ കോവിഡ്-19 വൈറസ് ബാധിതന്‍ എത്തിയെന്നായിരുന്നു പ്രചാരണം. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതി നല്‍കി.
കോവിഡ് ബാധിതര്‍ എത്തിയാലുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് രണ്ടാഴ്‌ച മുമ്ബ് ജീവനക്കാര്‍ക്കായി മോക്‌ഡ്രില്‍ സംഘടിപ്പിച്ചിരുന്നു. അന്നു പകര്‍ത്തിയ ദൃശ്യങ്ങളാണു വാട്‌സ്‌ആപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നത്. കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍നിന്നു പരിയാരത്തേക്കു കോവിഡ് ബാധിതനെ കൊണ്ടുവന്നിട്ടുണ്ടെന്ന വ്യാജശബ്‌ദസന്ദേശവും പ്രചരിക്കുന്നുണ്ട്. പരിയാരത്തു നാലുപേര്‍ നിരീക്ഷണത്തിലുണ്ടെങ്കിലും ഇവര്‍ക്കു രോഗം സ്‌ഥിരീകരിച്ചിട്ടില്ല.