ആറളം ഫാം അടച്ചിട്ടു: ടൺ കണക്കിന് കശുവണ്ടി നശിക്കുന്നു

0 493

 

ഇരിട്ടി: കൊറോണ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി അടച്ചിടൽ പ്രഖ്യാപിച്ചതോടെ നൂറുകണക്കിനാളുകൾ ജോലിചെയ്യുന്ന ആറളം ഫാമിന്റെ പ്രവർത്തനം നിലച്ചു.

ഇതോടെ ഫാമിന്റെ പ്രധാന വരുമാനമാർഗമായ കശുവണ്ടിയുടെ ശേഖരണം നിലച്ചു. ടൺ കണക്കിന് കശുവണ്ടി ഫാമിന്റെ വിവിധ ബ്ലോക്കുകളിൽ നശിച്ചുതുടങ്ങി. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്ന ആറളം ഫാമിൽ കശുവണ്ടിയുടെ വരുമാനത്തിൽനിന്ന് ലഭിക്കുന്ന പണം ശമ്പള വിതരണത്തിന് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഫാം അധികൃതർ.
മാർച്ച് 20 വരെ ലഭിച്ച മുപ്പത് ടൺ കശുവണ്ടി കഴിഞ്ഞ ദിവസം സർക്കാർ സ്ഥാപനമായ കാപ്പക്സിന് നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഗുണമേന്മയുള്ള ആറളത്തെ കശുവണ്ടി ഇക്കൊല്ലവും കാപ്പക്സിന് നൽകാനായിരുന്നു സർക്കാർ തീരുമാനം.
ഫാമിൽ ഫെബ്രുവരി മുതൽ ഉത്പാദനം തുടങ്ങി. മേയ് ആദ്യവാരത്തോടെ കശുവണ്ടിയുടെ 90 ശതമാനം ഉത്പാദനവും പൂർത്തിയാവും. 500 ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന ഫാമിലെ കശുമാവിൻ തോട്ടത്തിലെ മികച്ച ഉത്പാദന സീസണാണ് ഇപ്പോൾ.

ഇക്കൊല്ലം 250 ടൺ കശുവണ്ടിയാണ് ഫാമിൽ നിന്നു പ്രതീക്ഷിച്ചിരുന്നത്. ഫാമിൽ നിന്നുള്ള കശുവണ്ടിയും വാങ്ങാമെന്ന് കാപ്പക്സുമായി ധാരണയിൽ എത്തിയിരുന്നു. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ തൊഴിലാളികളുടെ ശമ്പളവിതരണവും തുടർ പ്രവർത്തനവും നടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഫാം അധികൃതർ പറഞ്ഞു.
ദിവസങ്ങളായി പെറുക്കിയെടുക്കാൻ പറ്റാത്ത കശുവണ്ടി മുള്ളൻപന്നികൾ ഭക്ഷണമാക്കുകയാണിപ്പോൾ. കാട്ടിനുള്ളിൽ പല മാവിൻ ചുവട്ടിലും കശുവണ്ടി മാങ്ങയ്‌ക്കൊപ്പം ഉണങ്ങിക്കിടക്കുകയാണ്. കൂടാതെ ആനക്കൂട്ടങ്ങൾക്കും കശുമാമ്പഴം ഇഷ്ടഭക്ഷണമാണ്. എട്ട് കാട്ടാനകളാണ് തോട്ടത്തിൽ വിഹരിക്കുന്നത്.
പ്രത്യേക സാഹചര്യത്തിൽ സർക്കാർ നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഫാമിലെ കശുവണ്ടി ശേഖരിക്കാൻ അനുമതി നൽകണമെന്ന് ഫാം അധികൃതർ വ്യവസായ, പട്ടികവർഗക്ഷേമ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കശുവണ്ടിശേഖരണം മുടങ്ങിയാൽ ഫാമിനുണ്ടാവുക മൂന്ന് കോടി രൂപയുടെ വരുമാന നഷ്ടമാണ്. ഇത് ഫാമിനെ കൂടുതൽ പ്രതിസന്ധിയിലും കടക്കെണിയിലുമാക്കും.

സ്ഥിരം തൊഴിലാളികളും കരാർ തൊഴിലാളികളുമായി 420 പേരാണ് ആറളം ഫാമിലുള്ളത്. ഇതിൽ 65 ശതമാനം പേരും ആദിവാസി തൊഴിലാളികളാണ്.
കശുവണ്ടി ശേഖരണം മുടങ്ങി വരുമാനം നഷ്ടമായാൽ ശമ്പളം ലഭിക്കാതെ ഇവർ പട്ടിണിയിലാവും. അതിനാൽ എത്രയും വേഗം കശുവണ്ടി ശേഖരിക്കുന്നതിന് അനുമതിയാണാവശ്യം.