കൊറോണ,​ വായ്‌പാ തിരിച്ചടവിന് സാവകാശം കിട്ടിയേക്കും

0 309

കൊറോണ,​ വായ്‌പാ തിരിച്ചടവിന് സാവകാശം കിട്ടിയേക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ്,​ സമ്ബദ്‌വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത് കണക്കിലെടുത്ത് വായ്‌പാ തിരിച്ചടവിന് ബാങ്കുകള്‍ കൂടുതല്‍ സാവകാശം നല്‍കിയേക്കും. എം.എസ്.എം.ഇ വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിന് പുറമേ,​ ഈ മേഖലയ്ക്ക് നികുതിയിളവും ധനമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ എം.എസ്.എം.ഇ.,​ വ്യോമയാനം,​ ടൂറിസം,​ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി. കൊറോണ ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച മേഖലകളാണിത്. പ്രതിസന്ധിയിലായ മേഖലകള്‍ക്ക് രക്ഷാപാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍,​ പ്രധാനമന്ത്രി നിര്‍ദേശിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച ശേഷമായിരിക്കും പ്രഖ്യാപനം.
തൊഴില്‍ നഷ്‌ടം ഉള്‍പ്പെടെ വ്യോമയാന രംഗത്തെ പ്രശ്‌നങ്ങള്‍ ധനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തുവെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. കോഴി,​ മത്സ്യകൃഷികള്‍ക്കായി നല്‍കിയ വായ്‌പകള്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് മുന്നോട്ടുവച്ചത്. എം.എസ്.എം.ഇ വായ്‌പാ തിരിച്ചടവിന് ഇളവു നല്‍കുന്നതിന് പുറമേ ഇവയുടെ ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പണം,​ വൈദ്യുതി ബില്‍ പേമെന്റ് എന്നിവയ്ക്കും കൂടുതല്‍ സാവകാശം നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്‌തു. രക്ഷാ പാക്കേജ് പ്രഖ്യാപനത്തിന് ഇപ്പോള്‍ സമയം നിശ്‌ചയിക്കാനാവില്ലെന്നും ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തിന് ശേഷം എല്ലാകാര്യങ്ങളും വ്യക്തമാകുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് ₹30,​000 കോടി വിപണിയിലിറക്കും

രാജ്യത്ത് സമ്ബ‌ദ്‌ഞെരുക്കം ഒഴിവാക്കാനായി ഓപ്പണ്‍ മാര്‍ക്കറ്ര് ഓപ്പറേഷനുകളിലൂടെ (ഒ.എം.ഒ)​ റിസര്‍വ് ബാങ്ക് 30,​000 കോടി രൂപ വിപണിയിലിറക്കും. 15,​000 കോടി രൂപ വീതം രണ്ടുഘട്ടങ്ങളിലായി സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങിയാകും ഇത്. ഒ.എം.ഒ ഓപ്പറേഷനിലൂടെ ഇന്നലെ 10,​000 കോടി രൂപ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇറക്കിയിരുന്നു. വിപണിയുടെ പ്രവര്‍ത്തനം തടസങ്ങളില്ലാതെ നടക്കുന്നതിനായാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ലോംഗ് ടേം റിപ്പോ ഓപ്പറേഷനുകളിലൂടെ (എല്‍.ടി.ആര്‍.ഒ)​ ഒരുലക്ഷം കോടി രൂപ വിപണിയിലിറക്കുമെന്നും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിശ്‌ചിത റിപ്പോ നിരക്കും കാലാവധിയും കണക്കാക്കി,​ പണം വിപണിയിലിറക്കുന്ന നടപടിയാണിത്.