പരിയാരത്ത് അയ്യായിരത്തില്‍പ്പരം വീടുകളില്‍ ബോധവത്കരണം നടത്തി

0 668

 

തളിപ്പറമ്പ്: കോവിഡ് 19 പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുള്ള ഗൃഹസന്ദര്‍ശനവും ബോധവത്കരണവും പരിയാരം ഗ്രാമപ്പഞ്ചായത്തില്‍ 5100 കടന്നു.

വീടുകളില്‍ ലഘുലേഖയുമായാണ് സന്ദര്‍ശനം. പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, മെമ്ബര്‍മാര്‍, പോലീസ്, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍ അങ്കണവാടി വര്‍ക്കര്‍, വാര്‍ഡ് കണ്‍വീനര്‍മാര്‍, രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചെറിയ സ്ക്വാഡുകളിലായാണ്‌ ഗൃഹസന്ദര്‍ശനം നടത്തിയത്.

202 വീടുകളിലായി ഐസൊലേഷനില്‍ കഴിയുന്ന 264 പേരെ പ്രത്യേകം ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി. ഒന്‍പത് കുടുംബങ്ങള്‍ക്ക് ഭക്ഷണങ്ങളും മരുന്നും എത്തിച്ചു.

മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളും തൊഴില്‍ശാലകളിലും സന്ദര്‍ശിച്ച്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. ആവശ്യമുള്ളവര്‍ക്ക് മാസ്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍, ചെറുപട്ടണങ്ങളില്‍, ബ്രെയ്ക്ക് ദ ചെയിന്‍ ഭാഗമായി ഹാന്‍ഡ് സാനിട്ടൈസറിനും ഹാന്‍ഡ് വാഷിനുമുള്ള സംവിധാനവും യുവജന സംഘടനകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സ്ഥാപിച്ചു. രോഗസംക്രമണസാധ്യത കൂടുകയാണെങ്കില്‍ 200 ബെഡുകളുള്ള പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.

പരിയാരം ഐ.ആര്‍.സി, കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്ക്, റുഡ്സെറ്റ് കാഞ്ഞിരങ്ങാട് എന്നീ സ്ഥാപനങ്ങളാണ് തയ്യാറായിവന്നത്. കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.പി. രഘു, പഞ്ചായത്ത് സെക്രട്ടറി വി.പി. സന്തോഷ് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. ആശങ്ക വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തി നാളെ മൈക്ക് പ്രചരണം നടത്തും. ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.