കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് കാസര്‍കോട്ടുകാരും

0 405

 

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ കൂടെ യാത്ര ചെയ്തവരില്‍ അഞ്ച് പേര്‍ കാസര്‍കോട്ടുകാരാണെന്ന് തിരിച്ചറിഞ്ഞു. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം ദുബായില്‍ നിന്നും നാട്ടിലേക്ക് എത്തിയവരാണ് ഇവര്‍. മാര്‍ച്ച്‌ 5ന് സ്‌പൈസ് ജെറ്റിന്റെ എസ്.ജി-54 വിമാനത്തിലാണ് ഇവര്‍ എത്തിയത്. ഇയാള്‍ക്കൊപ്പം എത്തിയ ഒരാള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരായി.

കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി അടക്കം നാലുപേരെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനുമായി നേരില്‍ സമ്ബര്‍ക്കം പുലര്‍ത്തിയ അമ്മ, ഭാര്യ, കുട്ടി എന്നിവരാണ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. കൊറോണ സ്ഥിരീകരിച്ച വ്യക്തിയടക്കമുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്ന് കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇയാളുമായി പ്രാഥമിക ബന്ധം പുലര്‍ത്തിയ അമ്മാവന്‍, ബന്ധുക്കള്‍, ടാക്സി ഓടിച്ച ആള്‍ അടക്കം 15-പേര്‍ വീട്ടുനിരീക്ഷണത്തിലാണ്. ഇതില്‍ ആറുപേര്‍ ദുബായിയില്‍ ഇദ്ദേഹത്തോടൊപ്പം മുറിയില്‍ താമസിച്ചവരാണ്. ഇവരിലൊന്നും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല.

ജില്ലയില്‍ 226 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 26 പേര്‍ ആശുപത്രിയിലും 200 പേര്‍ വീടുകളിലുമാണുള്ളത്. കൊറോണ രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശി സഞ്ചരിച്ച സ്ഥലങ്ങളും സമയവും അടക്കമുള്ള റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരുമായി ബന്ധപ്പെട്ടവരെ (സെക്കന്‍ഡറി) സംബന്ധിച്ച മാപ്പും തയ്യാറാക്കിക്കഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Get real time updates directly on you device, subscribe now.