കൊറോണ; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് കാല്‍ ലക്ഷത്തിലധികം പേര്‍

0 204

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാല്‍ലക്ഷത്തിലധികം പേര്‍ കൊറോണ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍. ഇതില്‍ 237 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 2140 പേരുടെ സാമ്ബിളുകള്‍ നെഗറ്റീവാണ്. ഇന്ന് കൂടുതല്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച്‌ ഉത്തരവിറങ്ങി. ഓഫീസുകളില്‍ അത്യാവശ്യമുളള സന്ദര്‍ശകരെ നിര്‍ദ്ദേശാനുസരണം മാത്രം കയറ്റിവിടാനും കഴിയുന്നത്ര തെര്‍മല്‍ സ്‌കാനിംഗ് ഉപയോഗിച്ച്‌ സന്ദര്‍ശകരെയും ഉദ്യോഗസ്ഥരെയും പരിശോധിക്കണമെന്നുമാണ് നിര്‍ദേശം. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കും. ഒപ്പം ജീവനക്കാര്‍ കൂട്ടം കൂടുന്ന പരിപാടികള്‍ ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.

ഫിസിക്കല്‍ ഫയലുകള്‍ ഒഴിവാക്കി ഇ ഫയലുകള്‍ ഉപയോഗിക്കണമെന്നും ഉത്തരവുണ്ട്. അതേസമയം, കൊറോണ മുന്‍കരുതലിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കാന്‍ മുഖ്യമന്ത്രി ഇന്ന് തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളുമായി ആശയവിനിമയം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ക്രമീകരണം, ജില്ലാ തലത്തില്‍ കൊറോണ സെന്ററുകളുടെ രൂപീകരണം, ഉത്സവം ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനുള്ള ക്രമീകരണം എന്നിവ മുഖ്യമന്ത്രി വിശദീകരിക്കും.