കൊറോണ: കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

0 286

 

 

കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ്(കൊവിഡ് 19) പടരാന്‍ കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിര്‍ദേശിക്കുന്നു.

ദിവസങ്ങളോളം ബാങ്ക് നോട്ടുകളില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച ശേഷം കൈകള്‍ കഴുകണമെന്നും തിങ്കളാഴ്ച രാത്രിയില്‍ പുറത്തിറക്കിയ നിര്‍ദേശം വിശദമാക്കുന്നു. കഴിഞ്ഞ ദിവസം ബാങ്ക് ഓഫ് ഇംഗ്ലണ്ടും കറന്‍സി നോട്ടുകളിലൂടെ കൊറോണ വൈറസ് പടരുന്നതിനേക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ രോഗികള്‍ ഉപയോഗിച്ച നോട്ടുകള്‍ ശേഖരിച്ച്‌ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ചൈനയും കൊറിയയും സ്വീകരിച്ചിരുന്നു. അള്‍ട്രാ വൈലറ്റ് പ്രകാശം, ഉയര്‍ന്ന താപം എന്നിവ ഉപയോഗിച്ചാണ് കറന്‍സി നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

മറ്റേത് പ്രതലങ്ങളിലുണ്ടാവുന്ന സ്പര്‍ശിക്കുന്നതിനേക്കാള്‍ അപകടകരമാണ് കറന്‍സി നോട്ടുകളിലൂടെയുള്ള രോഗബാധയെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. കരങ്ങളിലൂടെ രോഗാണുക്കള്‍ വളരെ വേഗത്തില്‍ പടരുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. കറന്‍സി നോട്ടുകളുടെ ഉപയോഗ ശേഷം കഴിയുന്നത്ര വേഗത്തില്‍ കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതെ വൃത്തിയായി കഴുകി അണുവിമുക്തമാക്കണമെന്നാണ് നിര്‍ദേശം വ്യക്തമാക്കുന്നത്. മനുഷ്യ ശരീരത്തിന് പുറത്ത് എത്ര മണിക്കൂര്‍ കൊറോണ വൈറസിന് നിലനില്‍പുണ്ടെന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഇനിയുമില്ല. ഇത്തരം അണുബാധ തടയാന്‍ കറന്‍സി രഹിത പണമിടപാടുകള്‍ ആവും ഉചിതമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

റൂം ടെപറേച്ചറില്‍ 9 ദിവസം വരെ വൈറസിന് പിടിച്ച്‌ നില്‍ക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാര്‍സ്, മെര്‍സ് പോലെയുള്ള വൈറസുക ള്‍ പടര്‍ന്ന സമയത്ത് നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.