ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ എസി കോച്ചുകളില്‍ നിന്ന് പുതപ്പ് നീക്കംചെയ്യാന്‍ ഉത്തരവിറക്കി വെസ്റ്റേണ്‍ റെയില്‍വേ. പുതപ്പ് ആവശ്യമുള്ള യാത്രക്കാര്‍ അത് കൈയില്‍ കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള നിര്‍ദേശപ്രകാരം കോച്ചുകളിലെ പുതപ്പുകള്‍ ഓരോ യാത്രക്ക് ശേഷവും കഴുകാറില്ല. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ കോച്ചുകളില്‍ നിന്ന് എത്രയും പെട്ടെന്ന് ഇവ നീക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ ബെഡ്ഷീറ്റുകള്‍ റെയില്‍വേ കരുതും.
ആയിരക്കണക്കിന് യാത്രക്കാര്‍ നിത്യവും സ്പര്‍ശിക്കുന്ന കൈപ്പിടികള്‍, കൊളുത്ത്, സീറ്റ് ഗാര്‍ഡ്, സ്നാക്ക്സ് ട്രേ, വിന്‍ഡോ ഗ്ലാസ്, വിന്‍ഡോ ഗ്രില്‍, ബോട്ടില്‍ ഹോള്‍ഡര്‍, അപ്പര്‍ ബെര്ത്തിലേക്കുളള പടികള്‍, ഇലക്ട്രിക് സ്വിച്ചുകള്‍, ചാര്‍ജ് പോയിന്റുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും നിര്‍ദേശമുണ്ട്.