കൊറോണക്കാലത്ത് വൈറലായി സിനാന്റെ പച്ചക്കറിത്തോട്ടം !

0 798

കൊറോണക്കാലത്ത് വൈറലായി സിനാന്റെ പച്ചക്കറിത്തോട്ടം !
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സ്‌കൂൾ നേരത്തെ അടക്കുകയും ലോക്ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെല്ലാം വീടിനകത്താകുകയും ചെയ്തതോടെ അക്ഷരാർത്ഥത്തിൽ വെട്ടിലായത് കുട്ടികളാണ്. പുറത്തിറങ്ങിക്കളിക്കാനുള്ള അവസരം നഷ്ടമായി. ഈ സമയത്ത് കുട്ടികളെ വീട്ടിനുള്ളിൽ അടക്കിയിരുത്താൻ പല മാതാപിതാക്കളും മൊബൈലിന്റെയും ടിവിയുടേയും സഹായം തേടി.

എന്നാൽ ലോക്ഡൗണിൽ മൊബൈലിന്റെയും ടിവിയുടെയും മുന്നിൽ ചടഞ്ഞിരിക്കാതെ കൃഷി ചെയ്യാൻ മനസ് കാണിച്ചതിലൂടെയാണ് മലപ്പുറം സ്വദേശി സിനാൻ എന്ന കൊച്ചു മിടുക്കൻ വൈറലാകുന്നത്. വീട് വിട്ട് പുറത്ത് പോകാനല്ലേ അനുവാദം ഇല്ലാതെയുള്ളൂ, തൊടിയിലേക്ക് ഇറങ്ങാമല്ലോ. അതിനാൽ തൊടിയിൽ ഇറങ്ങി പച്ചക്കറിക്കൃഷി നടത്താൻ ഈ കൊച്ചു മിടുക്കൻ തീരുമാനിക്കുകയായിരുന്നു.

സ്‌കൂളിൽ പഠിച്ച കൃഷി രീതികളും വീട്ടിൽ മാതാപിതാക്കൾ കാർഷിക വിളകൾ പരിപാലിക്കുന്നത് കണ്ടു നേടിയ അറിവുമെല്ലാം കൂട്ടി ചേർത്ത് സിനാൻ തന്റെ തൊടിയിൽ മാർച്ച് മാസത്തിൽ തന്നെ പച്ചക്കറിക്കൃഷി തുടങ്ങി. മാസം രണ്ടു പിന്നിട്ട് ഇപ്പോൾ ഓൺലൈൻ പഠനം ആരംഭിക്കുമ്പോൾ കൂട്ടുകാരെ കാണിക്കാൻ സിനാന്റെ വീട്ടുമുറ്റത്ത് കായ്ച്ചു നിൽക്കുന്നത് നിരവധിയിനം പച്ചക്കറികളാണ്.

ഫെയ്സ്‌ബുക്കിലൂടെ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് സിനാൻ ഒരു കൊച്ചു കർഷകനായി മാറിയ വിവരം നാട്ടുകാർ അറിയുന്നത്. ” വെറുതെ കൊറോണക്കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ തോന്നി കൃഷി ചെയ്യാമെന്ന്. അങ്ങനെ തുടങ്ങിയതാണ് ഈ കൃഷി” സിനാൻ പറയുന്നു.

തക്കാളി, പച്ചമുളക്, മത്തങ്ങാ, ചീര, വേണ്ട, വഴുതന, വെള്ള വഴുതന, പയർ അങ്ങനെ വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടത്തിൽ ഇല്ലാത്ത വിഭവങ്ങൾ ഇല്ല. പയർ രണ്ടു തവണ ഞങ്ങൾ വിളവെടുത്ത് കറി വച്ചു എന്ന് സിനാൻ പറയുന്നു.

കൃഷിയിലേക്ക് കടന്നതോടെ സിനാൻ കൂടുതൽ ആക്റ്റിവ് ആയി. ഇപ്പോൾ തഴക്കവും പഴക്കവും വന്ന ഒരു കർഷകനെ പോലെയാണ് തന്റെ തോട്ടത്തിലെ ഓരോ വിളകളെപ്പറ്റിയും സിനാൻ വാചാലനാകുന്നത്. കേരളത്തിലെ എല്ലാ വീടുകളിലും നടാൻ പറ്റിയ പച്ചക്കറിയാണ് എന്നു പറഞ്ഞാണ് സിനാൻ തക്കാളി പരിചയപ്പെടുത്തുന്നത്.

മണ്ണിലേക്ക് ചവിട്ടാൻ പോലും മടിച്ച് വീടിനുള്ളിൽ ഒതുങ്ങിയിരുന്ന് ടിവിയും മൊബൈലും മാറി മാറി കാണുന്ന കുട്ടികൾക്ക് സിനാന്റെ മാതൃക പിന്തുടരാവുന്നതാണ്. നിലനിൽപ്പിനായുള്ള കൃഷി അത് ഓരോരുത്തരുടെയും അവകാശമാണ് എന്നാണു സിനാൻ തന്റെ കൊച്ചു കൃഷിയിടത്തിലൂടെ പഠിപ്പിക്കുന്നത്.