കൊറോണ വൈറസ് ബാധയുടെ മറവിൽ മാസ്ക്, സാനിറ്റൈസർ, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയവർക്കെതിരേ കേസ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ മറവിൽ മാസ്ക്, സാനിറ്റൈസർ, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കിയവർക്കെതിരേ കേസ്. 38 വ്യാപാരികൾക്കെതിരേയാണ് ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തത്.
അവശ്യസാധന നിയമപ്രകാരം കുപ്പിവെള്ളത്തിനു 13 രൂപ വില നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ലംഘിച്ച് ഉയർന്ന വില ഈടാക്കിയ 28 പേർക്കെതിരെയും മുഖാവരണത്തിന് അമിത വില ഈടാക്കിയ 10 പേർക്കെതിരെയുമാണ് പരിശോധനയിൽ കേസെടുത്തത്. കഴിഞ്ഞ ആഴ്ച 41 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ലീഗൽ മെട്രോളജി കണ്ട്രോളർ അറിയിച്ചു. വകുപ്പുതല പരിശോധനകൾക്കു പുറമേ ജില്ലാ കളക്ടർമാർ സംഘടിപ്പിക്കുന്ന വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനാ സ്ക്വാഡുകളിലും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ നിയോഗിച്ചു.