കൊറോണ വൈറസ് ഭീതി! വയനാടന്‍ ടൂറിസത്തെ തളര്‍ത്തുന്നു; പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
കല്‍പ്പറ്റ: കൊറോണ വൈറസ് ഭീതി വയനാട്ടില്‍ ടൂറിസം മേഖലയെ തളര്‍ത്തുന്നു. വനം-വന്യജീവി വകുപ്പിനു കീഴില്‍ മുത്തങ്ങയിലും തോല്പ്പെട്ടിയിലുമുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. വൈദ്യുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബാണാസുര സാഗര്‍ വിനോദസഞ്ചാര കേന്ദ്രം, ജലവിഭവ വകുപ്പിനു കീഴിയുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രം എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ വിനോദസഞ്ചാരകേന്ദ്രങ്ങളും മാന്ദ്യം പ്രകടമാണ്. പൂക്കോട് തടാകം, എടക്കല്‍ ഗുഹ, അന്പലവയല്‍ പൈതൃക മ്യൂസിയം, മാനന്തവാടി പഴശി പാര്‍ക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, പുല്‍പ്പള്ളി മാവിലാംതോട് പഴശി സ്മാരകം, കുറുവ ദ്വീപിന്റെ പാല്‍വെളിച്ചം ഭാഗം എന്നിവിടങ്ങളിലാണ് ഡിടിപിസിയുടെ നേതൃത്വത്തില്‍ ടൂറിസം. ജില്ലയില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 70 ശതമാനത്തിലധികം കുറവാണ് ഇന്നലെ കണക്കാക്കിയത്. പൂക്കോട് തടാകത്തില്‍ 3,391 സന്ദര്‍ശകരാണ് മാര്‍ച്ച് എട്ടിനു എത്തിയത്. ഇത് ഒന്പതിനു 724 ആയും 10നു 541 ആയും കുറഞ്ഞു.
ഇന്നലെ വൈകുന്നേരം നാലു വരെ 305 പേരാണ് പൂക്കോട് എത്തിയത്. എടക്കല്‍ ഗുഹ ഒന്പതിനു 700-ഉം പേരാണ് സന്ദര്‍ശിച്ചത്. ഇത് 10നു 265 ആയി കുറഞ്ഞു. ഇന്നലെ വൈകുന്നരം നാലു വരെ 200 പേരാണ് സന്ദര്‍ശനം നടത്തിയത്.
ജില്ലയില്‍ ഡിടിപിസിക്കു കീഴിലുള്ളതില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രങ്ങളാണ് പൂക്കോടും എടക്കലും. പൂക്കോട് തടാകത്തില്‍ ഇന്നലെ എത്തിയതില്‍ നൂറോളം പേര് ഇതര സംസ്ഥാനക്കാരാണെന്നു മാനേജര്‍ എം.എസ്. ദിനേശ് പറഞ്ഞു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍നിന്നു നാമമാത്ര സഞ്ചാരികളാണ് എത്തിയത്.
ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പേരിനു മാത്രമാണ് അതിഥികള്‍. സന്ദര്‍ശകരുടെ വരവ് കുറഞ്ഞത് ഉപജീവനത്തിനു ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ഗതികേടിലാക്കി. മാനന്തവാടിയും കല്‍പ്പറ്റയും ബത്തേരിയും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഇന്നലെ സായാഹ്നത്തില്പോലും ആള്‍ത്തിരക്ക് അനുഭവപ്പെട്ടില്ല. ജില്ലയിലേക്കും പുറത്തേക്കുമുള്ള ബസുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈയാഴ്ചയില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളെല്ലാംതന്നെ മാറ്റിവച്ചിരിക്കയാണ്. ജില്ലയില്‍ സിനിമാശാലകളും അടഞ്ഞുകിടക്കുകയാണ്.