രാജ്യത്ത് കൊറോണ വ്യാപിക്കുന്നു: 22 പേര്‍ക്കുകൂടി വൈറസ് ബാധ

0 263

 

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ (കോവിഡ്-19) പ്രതിരോധിക്കാനുള്ള നടപടികള്‍ ഒരുവശത്തു ശക്തമാക്കവേ, രോഗം കൂടുതല്‍പേരിലേക്കു വ്യാപിക്കുന്നു. രാജ്യത്ത് 22 പേര്‍ക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

കേരളത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ച്‌ സുഖംപ്രാപിച്ച മൂന്നുപേരും ഇറ്റലിയില്‍നിന്നെത്തിയ 16 വിനോദസഞ്ചാരികളും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറും ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോരുത്തരും ആഗ്രയില്‍ ആറുപേരും രോഗബാധിതരാണ്. ഇറ്റലിയില്‍നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി പേടിഎം അറിയിച്ചു. ഇദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്ബനിയുടെ ഗുരുഗ്രാമിലെയും നോയ്ഡയിലെയും ഓഫീസുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. ജീവക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്താല്‍ മതിയെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചു.

ഇതിനുപുറമേ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഡംബരക്കപ്പലിലും ഒരാള്‍ യു.എ.ഇ.യിലുമാണ്.

എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇതുവരെ ചൈന, ജപ്പാന്‍, ഹോങ്‌ കോങ്, ദക്ഷിണകൊറിയ, തായ്‌ലാന്‍ഡ്, നേപ്പാള്‍, സിങ്കപ്പൂര്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്നാം, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നീ 12 രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെയാണ് പരിശോധിച്ചിരുന്നത്.

രോഗത്തെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുമേധാവികളുടെ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

Get real time updates directly on you device, subscribe now.