കൊറോണയെ തുരത്താം, വാഷിങ് പോയിന്റിലൂടെ ; നിര്‍ദേശം വൈറലായി

0 1,068

 

പിലാത്തറ : നാം അമ്ബതുലക്ഷം കുട്ടികള്‍ കൊറോണയെ പ്രതിരോധിക്കാന്‍ ചെലവില്ലാതെ അമ്ബതുലക്ഷം വാഷിങ് പോയിന്റുകള്‍ നിര്‍മിക്കാം. നെരുവമ്ബ്രം യു.പി. സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിനി സൗപര്‍ണിക തീര്‍ഥയുടെ യുട്യൂബ് സന്ദേശം വൈറലാവുന്നു. soupu,s Vlogs എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ പത്തുവയസ്സുകാരി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധം തീര്‍ക്കുന്നത്. കുട്ടികള്‍ അവധിദിനങ്ങള്‍ ആഘോഷമാക്കുമ്ബോഴാണ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തില്‍ സൗപര്‍ണ്ണിക ഇടപെടുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലെ 50 ലക്ഷം കുട്ടികളോടാണ് വാഷിങ് പോയിന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സംവദിക്കുന്നത്.
കൊറോണയെ തുരത്താം വാഷിങ് പോയിന്റിലൂടെ എന്ന ചാലഞ്ചിങ് സന്ദേശവുമായാണ് തന്റെ യൂട്യൂബ് വീഡിയോയില്‍ സ്വന്തം വീട്ടുമുറ്റത്തെ റോഡരികില്‍ ഹാന്‍ഡ് വാഷിന് സൗകര്യമൊരുക്കുന്ന രംഗങ്ങള്‍ തീര്‍ത്തത്. വീട്ടിലെ പ്രവേശനകവാടത്തിലേക്ക് ആവശ്യമുള്ള ഒരു പൈപ്പ് കഷണവും ടാപ്പും സ്ഥാപിച്ചാല്‍ കുറ്റമറ്റ വാഷിങ് പോയിന്റായി. സാനിറ്റൈസര്‍ സ്ഥാപിക്കാനായി സ്റ്റാന്‍ഡും നിര്‍മിക്കാം. സംഗതി ഈസി. മുന്‍കരുതലിലൂടെ കൊറോണയെ അകറ്റാം.

50 ലക്ഷം വിദ്യാര്‍ഥികളോട് പദ്ധതിയില്‍ കണ്ണിയാവാനും സൗപര്‍ണിക അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം നാലുവയസ്സുകാരനായ അനുജന്‍ ഇഷാന്‍ തേജുമുണ്ട്.

ഉപജില്ലാ കലോത്സവവേദികളില്‍ ഒന്നാംതരം മുതല്‍ കഥാകഥനം, മോണോ ആക്‌ട്, നൃത്ത ഇനങ്ങളിലും നിരവധി സമ്മാനങ്ങള്‍ സൗപര്‍ണിക നേടിയിട്ടുണ്ട്. യാത്രാവീഡിയോകളും മറ്റും ഈ കൊച്ചുമിടുക്കി പതിവായി അപ് ലോഡ് ചെയ്യാറുണ്ട്.