കൊറോണ: ബാറുകള്‍ പൂട്ടിയേക്കും; ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും

0 208

കൊറോണ: ബാറുകള്‍ പൂട്ടിയേക്കും; ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയേക്കും. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അതേസമയം ബീവറേജസ് ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ബാറുകള്‍ പൂട്ടിയിടണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാറുകളില്‍ വലിയ തോതില്‍ ആളുകള്‍ വന്നുപോകുന്നത് ആശങ്കയ്ക്ക് ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ബിവറേജസ് ഔട്ട് ലെറ്റുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
വ്യാപാരമേഖലയില്‍ നില്‍ക്കുന്ന പ്രതിസന്ധിയിയില്‍ മദ്യശാലകള്‍ പൂട്ടുന്നത് സര്‍ക്കാരിന്റെ റവന്യൂ വരുമാനത്തെ സാരമായി ബാധിക്കും. കൂടാതെ വ്യാജമദ്യങ്ങള്‍ വ്യാപകമായി വിപണിയിലെത്തുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു മദ്യശാലയും അടച്ചിടില്ലെന്ന് എക്‌സൈസ് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിവറേജസ് ഔട്ലെറ്റുകളില്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. ക്യൂ ഉള്ള സ്ഥലങ്ങളില്‍ പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാഹിയിലെ ബാറുകള്‍ മാത്രമാണ് അടച്ചിട്ടുള്ളത്. ഷോപ്പുകള്‍ അടച്ചിട്ടില്ല. കേരളത്തിന്റെ സാഹചര്യത്തില്‍ മദ്യശാലകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍’ മന്ത്രി പറഞ്ഞു.