പത്തനംതിട്ട ജില്ലാ കോടതി സിറ്റിങ് നിര്‍ത്തി; പത്തുപേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും, വിനോദയാത്രകള്‍ അനുവദിക്കില്ല
പത്തനംതിട്ട ജില്ലാ കോടതി സിറ്റിങ് നിര്‍ത്തി; പത്തുപേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും, വിനോദയാത്രകള്‍ അനുവദിക്കില്ല
പത്തനംതിട്ട: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു. മാര്‍ച്ച് പതിമൂന്നുവരെയാണ് കോടതി സിറ്റിങ് നിര്‍ത്തിവച്ചിരിക്കുന്നത്. കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റില്‍ യോഗം ചേര്‍ന്നു.
കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണ്. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ എസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്ബര്‍ക്കമുള്ള 150 പേരുണ്ട്. 58 പേര് രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. 159 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം.
രോഗികളുമായി നേരിട്ട് ബന്ധമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നിന്ന് ഒഴിവാകണം. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. അകന്ന സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ക്ക് അതത് സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.