അതിഥി തൊഴിലാളികള്‍ക്ക് കൗണ്‍സലിങ്ങ് ആരംഭിച്ചു

0 276

അതിഥി തൊഴിലാളികള്‍ക്ക് കൗണ്‍സലിങ്ങ് ആരംഭിച്ചു

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ സംസ്ഥാനത്ത് കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി കൗണ്‍സലിങ്ങ് സംവിധാനം ആരംഭിച്ചു.  അതിഥി തൊഴിലാളികളിലെ മാനസിക – സാമൂഹ്യ ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനാണ് കൗണ്‍സലിങ്ങ്.  ഇരിട്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ പരിധിയിലുള്ള  അഞ്ച് ക്യാമ്പുകളിലായി 218 അതിഥി തൊഴിലാളികള്‍ക്ക് കൗണ്‍സലിങ്ങ് നല്‍കി.
ഭക്ഷണം, താമസം, മെഡിക്കല്‍ പരിശോധനാ സംവിധാനം തുടങ്ങി അതിഥി തൊഴിലാളികളുടെ അടിസ്ഥാന  പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പമാണ് മാനസികാരോഗ്യം ലക്ഷ്യമിട്ട് കൗണ്‍സലിംഗ് സംവിധാനം ഒരുക്കിയത്.  ഇതിനായി ലേബര്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലകളില്‍ ജില്ലാ തല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും തദ്ദേശ സ്ഥാപനങ്ങളില്‍ ദ്രുത പ്രതികരണ ടീമും രൂപീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ജില്ലാതല സമിതിയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കണ്‍വീനറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വനിതാ ശിശുക്ഷേമ വിഭാഗം പ്രൊജക്ട്ട് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമില്‍  തദ്ദേശ സ്വയംഭരണ  സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഹോം ഗാര്‍ഡ് എന്നിവരുണ്ടാകും. അസി. ലേബര്‍ ഓഫീസര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കും. ഈ ടീം അതിഥി തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ മാനസിക – സാമൂഹ്യ ഉത്കണ്ഠകള്‍ മനസിലാക്കുകയും മനശാസ്ത്രവിദഗ്ധരുടെയും  വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുടെയും സഹായത്തോടെ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണുകയും ചെയ്യും.