ഇ ബുൾജെറ്റിന് വാഹനം വിട്ടുനൽകേണ്ടെന്ന് മോട്ടർ വാഹന വകുപ്പിനോട് കോടതി; അനധികൃത ഫിറ്റിങ്ങുകൾ നീക്കണം

0 804

ഇ ബുൾജെറ്റിന് വാഹനം വിട്ടുനൽകേണ്ടെന്ന് മോട്ടർ വാഹന വകുപ്പിനോട് കോടതി; അനധികൃത ഫിറ്റിങ്ങുകൾ നീക്കണം

 

ട്രാവൽ വ്ലോഗർമാരായ ഇ–ബുൾജെറ്റ് സഹോദരന്മാരിൽനിന്ന് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം തൽക്കാലം വിട്ടുനൽകേണ്ടതില്ലെന്ന് കോടതി. നിയമ ലംഘനങ്ങളുടെ പേരിലാണ് വാഹനം പിടിച്ചെടുത്തത്. വാഹനം നിലവിൽ വിട്ടു നൽകേണ്ടെന്നാണ് തലശ്ശേരി അഡീഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ കഴിഞ്ഞ ദിവസത്തെ ഉത്തരവിലുള്ളത്. വാഹനത്തിലെ അനധികൃത ഫിറ്റിങ്ങുകൾ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.

ചട്ട വിരുദ്ധമായുള്ള ഫിറ്റിങ്ങുകൾ അതേ വർക്‌ഷോപ്പിൽ കൊണ്ടുപോയി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ തിരിച്ച് കൊണ്ടുവന്നു പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കണം. ഉടമയുടെ സ്വന്തം ചെലവിൽ വേണം അനധികൃത ഫിറ്റിങ്ങുകൾ നീക്കേണ്ടത്. 12 ലക്ഷം രൂപയ്ക്ക് തുല്യമായ ബോണ്ടും സമർപ്പിക്കണം. വാഹനം ഈ ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.

നിലവിൽ 6 മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ടിരിക്കുകയാണ് വാഹനത്തിന്റെ റജിസ്ട്രേഷൻ. അതു സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കണമെങ്കിൽ ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണം. വാഹനം വിട്ടുകിട്ടുന്നതിനായി ഉടമ കിളിയന്തറ നെച്ചിയാട്ട് വീട്ടിൽ എബിൻ വർഗീസ് മോട്ടർ വാഹന വകുപ്പ് അധികൃതരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. പക്ഷേ തർക്കവിഷയങ്ങൾ സംബന്ധിച്ച് അപ്പീൽ അധികാരികൾക്കു മുന്നിലും മജിസ്ട്രേറ്റ് കോടതിയിലും വാദങ്ങൾ ഉന്നയിക്കാൻ നിർദേശിക്കുന്നതായിരുന്നു ഹൈക്കോടതി വിധി.

ഇ–ബുൾജെറ്റ് സഹോദരന്മാർ തങ്ങളുടെ വ്ലോഗുകൾക്കായി ഉപയോഗിച്ചിരുന്ന വാഹനമാണ് വിവാദത്തിലായത്. കാരവാൻ ആയി രൂപമാറ്റം വരുത്തിയ ക്യാംപർ വാൻ ഗണത്തിൽപ്പെടുന്ന വാഹനം 2021 ഓഗസ്റ്റ് 7നാണ് കണ്ണൂർ ആർടിഒ പിടിച്ചെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നു കാണിച്ച് ഇ–ചെലാനും (ചെക്ക് റിപ്പോർട്ട്) ഷോ കോസ് നോട്ടിസും നൽകി. ഇതിൽ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ സെപ്റ്റംബറിൽ റജിസ്ട്രേഷൻ റദ്ദാക്കുകയായിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ ഈ നടപടി ചോദ്യം ചെയ്താണ് വാഹനത്തിന്റെ റജിസ്റ്റേർഡ് ഉടമയായ എബിൻ വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തത് വിട്ടുകിട്ടണമെന്നും റജിസ്ട്രേഷൻ റദ്ദാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ, മോട്ടർ വാഹന വകുപ്പ് നിയമ ലംഘനങ്ങളുടെ നീണ്ട പട്ടിക നിരത്തിയതോടെ നടപടിയിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഈ സംഭവങ്ങൾ വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. വാഹനം പിടിച്ചെടുത്തതിനെതിരേ വീഡിയോകൾ ഇട്ട ഇ ബുൾജെറ്റ് സഹോദരന്മാർ തങ്ങളെ അന്യായമായി പീഡി​പ്പിക്കുന്നതായി ആരോപിച്ചിരുന്നു.