കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ എണ്ണം പതിനായിരത്തിലേറെ ആകുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ.
കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ എണ്ണം പതിനായിരത്തിലേറെ ആകുന്ന അഞ്ചാമത്തെ രാജ്യമായി ബ്രിട്ടൻ. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾക്കു പിന്നാലെയാണ് ബ്രിട്ടനിലും മരണസംഖ്യ പതിനായിരം കടന്നത്. കോവിഡ് രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന 32 ആരോഗ്യ പ്രവർത്തകർക്കും മരണം സംഭവിച്ചിട്ടുണ്ട്.
ആശുപതികളിൽ മരിക്കുന്ന ആളുകളെ കൂടാതെ പ്രായമായ ആളുകൾ താമസിക്കുന്ന നഴ്സിംഗ് ഹോമുകളിലെ മരണസംഖ്യയും ഉയരുന്നുണ്ട്. സ്കോട്ട്ൻഡിലിലെ യും ലുട്ടനിലെയും നഴ്സിംഗ് ഹോമുകൾക്കു പിന്നാലെ വടക്കൻ ഇംഗ്ലണ്ടിലെ ഡറം എന്ന സ്ഥലത്തുള്ള ഒരു നഴ്സിംഗ് ഹോമിൽ 12 പേർ രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മരിച്ചു. നഴ്സിംഗ് ഹോമുകളിൽ കൊറോണ രോഗ ലക്ഷണങ്ങളുമായി ആയിരത്തിലധികം ആളുകൾ മരിച്ചിട്ടുണ്ടാകാം എന്നാണ് കെയർ ഇംഗ്ലണ്ടിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കെയർ ഹോമുകളിൽ ജോലി ചെയ്യുന്ന നിരവധി ജീവനക്കാർക്കും കോവിഡ് ബാധ സ്ഥിരീകരിക്കുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട് . നാഷണൽ ഹെൽത്ത് സർവീസ് ആശുപതികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് പേഴ്സണൽ പ്രൊട്ടെക്റ്റിവ് ഉപകരണങ്ങൾ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്ന് പരാതി ഉയർന്നിരുന്നു എങ്കിലും ഒരു പരിധിവരെ ഇത് പരിഹരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇവയ്ക്കു ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്.
ആവശ്യത്തിന് സുരക്ഷാ ഉപകാരണങ്ങൾ ലഭിക്കാതെയും സുരക്ഷാ ഉറപ്പാക്കാതെയും പരിചരണത്തിൽ ഏർപ്പെടാൻ കഴിയില്ല എന്ന് അധികാരികളെ ബോധ്യപ്പെടുത്താൻ റോയൽ കോളജ് ഓഫ് നഴ്സിംഗ് അതിന്റെ അംഗങ്ങളോട് നിർദേശം നൽകിയിട്ടുണ്ട്. ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമേറും ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകി. രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം മിക്ക സ്ഥലനങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ കുറവ് വരുന്നത് ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. മൃത ദേഹങ്ങൾ പായ്ക്ക് ചെയ്യുന്ന ബോഡി ബാഗുകൾക്കും ദൗർലഭ്യം അനുഭവപ്പെടുന്നുണ്ടെന്നു വിതരണക്കാർ പറഞ്ഞു. സിബ്ബ് ഉപയോഗിച്ച് അടയ്ക്കുന്ന ബാഗുകൾ ലഭിക്കാനില്ല എന്നാണ് ഇവർ പറയുന്നത് .
ആരോഗ്യ പ്രവർത്തകർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട് . ഡ്രൈവ് ഇൻ കേന്ദ്രങ്ങളിൽ ഐ ഡി കാർഡുമായി ചെന്നാൽ പരിശോധനയ്ക്ക് വിധേയമാകാവുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ദീർഘ നേരം കാത്തു നിന്നിട്ടാണെങ്കിലും പരിശോധനയ്ക്ക് വിധേയമാകുന്നുമുണ്ട്.
തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നവർ ഉൾപ്പെടെ മലയാളികളായ നഴ്സുമാരടക്കം കോവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്ന പലരും രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്. എന്നാൽ, ഭാര്യക്കും ഭർത്താവിനും രോഗ ലക്ഷണങ്ങൾ കണ്ടിട്ട് ഐസൊലേഷനിൽ കഴിയുന്നവരും പോസിറ്റീവ് ആയതിനാൽ ആശുപത്രികളിൽ കഴിയുന്നവരും നിരവധിയുണ്ട്.