കോവിഡ് പശ്ചാത്തലത്തില്‍ പ്രളയ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

0 639

കോവിഡ് പശ്ചാത്തലത്തില്‍ പ്രളയ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക നാല് വിഭാഗം കെട്ടിടങ്ങളിലായി
രോഗലക്ഷണങ്ങളുള്ളവര്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും പ്രത്യേകം ക്യാമ്പുകളൊരുക്കും.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രളയത്തെ നേരിടാന്‍ പുതിയ പ്രോട്ടോക്കോള്‍ തയ്യാറാക്കി ദുരന്തനിവാരണ അതോറിറ്റി. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിന് സമഗ്ര നിര്‍ദേശങ്ങളാണ് ഓറഞ്ച് ബുക്കില്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും പ്രത്യേകം ക്യാമ്പുകളൊരുക്കും.

ആളുകള്‍ തിങ്ങിപ്പാര്‍ക്കേണ്ടിവരുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കോവിഡ് വ്യാപനത്തിന്‍റെ കേന്ദ്രങ്ങളായേക്കാം. അതിനാല്‍ പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ ഇത്തവണ പഴയതുപോലെയാകില്ല. നാല് തരത്തിലുള്ള കെട്ടിടങ്ങള്‍ കണ്ടെത്താനാണ് തദ്ദേശ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
ഒന്ന് രോഗലക്ഷണങ്ങളില്ലാത്തവരെ താമസിപ്പിക്കാന്‍. രണ്ട് അറുപത് കഴിഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും പ്രത്യേകം കെട്ടിടങ്ങള്‍. മൂന്ന് കോവിഡ് ലക്ഷണങ്ങളുള്ളവരെ താമസിപ്പിക്കാന്‍. നാല്, നിലവില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍. ഒരു മുറിയില്‍ 12 ല്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കരുത്. ക്യാമ്പ് അംഗങ്ങള്‍ക്ക് പ്രത്യേകം പ്ലേറ്റും ഗ്ലാസുകളും നല്‍കണം. മൂന്നും നാലും ടൈപ്പ് കെട്ടിടങ്ങളില്‍ മുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് സംവിധാനമുണ്ടാകണം. ആളുകള്‍ കൂടിക്കലരുന്നത് പരമാവധി ഒഴിവാക്കണം.
നാല് തരത്തിലുള്ള കെട്ടിടങ്ങള്‍ ഒരേ വില്ലേജില്‍ കണ്ടെത്താനായില്ലെങ്കില്‍ അതത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ ബന്ധപ്പെട്ട് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തണം.