കോവിഡ് 19: മാര്‍ക്കറ്റില്‍ എത്തിച്ചേരുന്ന ട്രക്കുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്ന ട്രക്കുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു:
എല്ലാ മാര്‍ക്കറ്റുകളോടുമനുബന്ധിച്ച് ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സൗകര്യമൊരുക്കണം. മാര്‍ക്കറ്റുകളിലേക്ക് വരുന്ന ട്രക്കുകള്‍ പാര്‍ക്കിംഗ് ഏരിയയിലല്ലാതെ മറ്റൊരിടത്തും പാര്‍ക്ക് ചെയ്യരുത്. പാര്‍ക്കിംഗ് കേന്ദ്രത്തിലേക്ക് വരുന്ന ട്രക്കുകളെ കവറിങ്ങോടുകൂടിത്തന്നെ അണുനശീകരണം നടത്തുതിനുള്ള സംവിധാനം ഒരുക്കിയിരിക്കണം.
നിശ്ചയിക്കപ്പെട്ട സമയത്തുമാത്രമേ സാധനം ഇറക്കേണ്ട സ്ഥലത്തേക്ക് ട്രക്ക് പോകാവൂ. സാധനം ഇറക്കിക്കഴിഞ്ഞാലുടനെ തന്നെ പാര്‍ക്കിംഗ് ഏരിയയിലേക്ക് തിരിച്ചുകൊണ്ടുവന്ന് വെക്കേണ്ടതാണ്. ട്രക്ക് ഡ്രൈവര്‍മാരും സഹായികളും ഒരു കാരണവശാലും കൂട്ടമായി ഇരിക്കുവാനോ മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാനോ പാടില്ല. ട്രക്ക് പാര്‍ക്കിംഗിനായി നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് അവരുടെ ആവശ്യത്തിനുമാത്രമായി ടോയ്ലറ്റ് സൗകര്യം ഒരുക്കിയിരിക്കണം.
എല്ലാ ട്രക്ക് ഡ്രൈവര്‍മാരും സഹായികളും മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരിക്കണം. വാഹനത്തില്‍ സാനിറ്റൈസര്‍ ഉണ്ടായിരിക്കണം പാര്‍ക്കിംഗ് ഏരിയയില്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുതിനുള്ള പ്രത്യേക സംവിധാനം ഒരുക്കണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും പാര്‍ക്കിംഗ് ഏരിയയില്‍ത്തന്നെ ഭക്ഷണം ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കണം. ചരക്കിറക്കിയതിനുശേഷം പാര്‍ക്കു ചെയ്യാനെത്തുന്ന ട്രക്കുകള്‍ അണുനശീകരണം നടത്തിയിരിക്കണം.
ട്രക്കില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള ഡ്രൈവര്‍മാരോ സഹായികളോ ഉണ്ടായിരിക്കരുത്. ഇവിടെ എത്തിയതിനുശേഷം ആര്‍ക്കെങ്കിലും പനിയോ ചുമയോ ഉണ്ടെങ്കില്‍ ഉടനെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. പാര്‍ക്കിംഗ് ഏരിയകളിലും മാര്‍ക്കറ്റുകളിലും പരമാവധി ശാരീരിക അകലം പാലിക്കണം. ഒരു രീതിയിലും കൂട്ടംകൂടി നില്‍ക്കുകയോ അടുത്തിടപഴകുകയോ ചെയ്യരുത്.