കോവിഡ് 19: ഇരിട്ടി മേഖലയിൽ 801 പേർ വീട്ടുനിരീക്ഷണത്തിൽ. ഇരിട്ടി ആരോഗ്യ ബ്ലോക്കിൽ അഞ്ഞൂറിലേറെപ്പേർ

0 1,640

 

ഇരിട്ടി: മേഖലയിൽ 801 പേർ ഹോം ഐസലോഷനിൽ നിരീക്ഷണത്തിൽ . ഇരിട്ടി, മട്ടന്നൂർ നഗരസഭകളും സമീപത്തെ 8 പഞ്ചായത്തുകളും ഉൾപ്പെടുന്ന ഇരിട്ടി ആരോഗ്യബ്ലോക്കിൽ മാത്രം അഞ്ഞൂറിലേറെപ്പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
ഇതിൽ 2 കുട്ടികൾ തലശ്ശേരി താലൂക്ക് ആശുപത്രിയിലെ ഐസലോഷൻ വാർഡിലും നിരീക്ഷണത്തിലാണ്. പരിയാരം മെഡിക്കൽ കോളജിൽ ഐസലോഷനിലായിരുന്ന ഒരു കുട്ടിക്ക് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇവിടെനിന്നും വിടുതൽ വാങ്ങി വീട്ടിൽ നിരീക്ഷണത്തിലാക്കി. പെരിങ്ങോത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ രണ്ടാം നിര കോൺടാക്ട് പട്ടികയിൽ വന്ന ഒരു ആരോഗ്യപ്രവർത്തകയും മേഖലയിൽ നിരീക്ഷണത്തിലുണ്ട്.


പഴുതടച്ച ശക്തമായ സുരക്ഷാ സംവിധാനവും ജാഗ്രതയുമാണ് മേഖലയിലാകെ ആരോഗ്യവകുപ്പ് തുടരുന്നത് . വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തു പോകുന്നില്ലെന്ന് ഉറപ്പു വരുത്താൻ പൊലസിന്റെയും അയൽവീട്ടുകാരുടെയും നിരീക്ഷണവും ഉറപ്പു വരുത്തിയിട്ടുണ്ട്.
അയ്യൻകുന്ന് പഞ്ചായത്തിൽ ചൊവ്വാഴ്ച വൈകിട്ട് വരെ വീടുകളിലെ നിരീക്ഷണത്തിൽ കഴിയുന്നത് 230 പേരാണ് . ഇതിൽ 194 പേർ വിദേശത്ത് നിന്ന് വന്നവരും 36 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും അന്യജില്ലകളിൽ നിന്നും എത്തിയവരാണ്. പായം പഞ്ചായത്തിൽ 70 പേരാണ് ഹോം ഐസലോഷനിൽ ഉള്ളത്. 5, 3 വയസുള്ള 2 കുട്ടികളെ ആശുപത്രി ഐസലോഷനിൽ ആക്കിയിരുന്നു. ഇവരിൽ കണ്ടെത്തിയ രോഗ ലക്ഷണങ്ങൾ സുഖപ്പെട്ടെങ്കിലും കോവിഡ് പരിശോധനാ ഫലം വരാത്തതിനാൽ ആശുപത്രിയിൽ തന്നെ തുടരുകയാണ്.
ആറളം പഞ്ചായത്തിൽ 68 പേരാണ് ഹോം ഐസലേഷനിൽ ഉള്ളത്. 90 ശതമാനവും വിദേശത്തു നിന്ന് എത്തിയവരാണെങ്കിലും കൽബുർഗി, ബെഗ്‌ളൂരു, മഗ്‌ളൂരു, മൈസുരൂ എന്നിവിടങ്ങളിൽ നിന്ന് എത്തിയവരുംകൂട്ടത്തിൽ ഉണ്ട്. മുഴക്കുന്നിൽ 102 പേരും തില്ലങ്കേരിയിൽ 69 പേരും ഇരിട്ടി നഗരസഭയിൽ 60 പേരും ഹോം ഐസലോഷനിൽ ആണ്. ഓരോ ദിവസവും വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും അന്യജില്ലകളിൽ നിന്നും എത്തുന്നവരുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഈ എണ്ണം കുത്തനെ ഉയരുന്നതാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.
വീടുകളിൽ നിരീക്ഷണത്തിലാക്കിയവർ അത് ലംഘിക്കുന്ന പക്ഷം തടവ് ശിക്ഷവരെ കിട്ടുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പേടിഉണ്ടാകേണ്ട സാഹചര്യം നിലവിൽ ഇല്ലെങ്കിലും ആരോഗ്യവകുപ്പ് നൽകുന്ന ജാഗ്രതാ നടപടികൾക്കൊപ്പം ചേർന്നു നിന്നില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ടു പോകാനിടയുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകൾ എല്ലാവരും കർശനമായി പാലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.