കൊവിഡ് 19: ജാഗ്രതയില്‍ നിന്ന് കടുത്ത നിയന്ത്രണങ്ങളിലേക്ക് കേരളം

0 899

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരികരിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. ആറ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്ന് മുതല്‍ കുടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്കും ആരാധനാലയങ്ങള്‍ ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രമേ പ്രവര്‍ത്തിക്കു. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് 44396 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 225 പേര്‍ വിവിധ ആശുപത്രികളിലാണ്. ഇന്നലെ മാത്രം 56 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

അതിനിടെ കാസര്‍ക്കോടുളള രോഗി കാണിച്ചത് വിചിത്രസ്വഭാവമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇയാള്‍ നിരവധി വിവാഹചടങ്ങുകളിലും ഫുട്ബോള്‍ മത്സരങ്ങളിലുമൊക്കെ പങ്കെടുത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഇയാളുടെ സഞ്ചാരപഥം തയ്യാറാക്കലാണ് ദുഷ്ക്കരണം.

ജില്ലയില്‍ കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്താകെ നിയന്ത്രണം. ഗ്രൂപ്പ് ബി,സി.,ഡി വിഭാഗത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ 31 വരെ ഒന്നിടവിട്ട ദിവസം ഓഫീസിലെത്തിയാല്‍ മതി. ആദ്യ ദിനം അവധി ലഭിക്കുന്നവര്‍ അടുത്ത ദിവസം ജോലിക്കെത്തണമെന്നാണ് വ്യവസ്ഥ. അടുത്ത രണ്ട് ശനിയാഴ്ചകള്‍ എല്ലാ വിഭാഗങ്ങള്‍ക്കും അവധിയായിരിക്കും.

എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകളടക്കം ഉപേക്ഷിക്കാനും ഇന്നലെ തീരുമാനിച്ചിരുന്നു. സ്കൂള്‍ കോളേജ് അധ്യാപകര്‍ക്കും അവധിയായിരിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലടക്കം ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടാകും. വിവാഹം, ചോറൂണ്, ഉദയാസ്തമയപൂജ എന്നിവ ഉണ്ടാകില്ല.

ഉത്സവത്തിനായി 28 ന് നട തുറക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. പമ്ബയില്‍ നടക്കുന്ന ആറാട്ടിലും ഭക്തര്‍ക്ക് പ്രവേശനമില്ല. ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താനാണ് തീരുമാനം.