കോവിഡ് 19: കണിച്ചാറിൽ 60 പേർ നിരീക്ഷണത്തിൽ;ജനം ഭീതിയിലാവേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

0 1,734

കോവിഡ് 19: കണിച്ചാറിൽ 60 പേർ നിരീക്ഷണത്തിൽ;ജനം ഭീതിയിലാവേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

കണിച്ചാർ(കണ്ണൂർ): സന്ദർശക വിസയിൽ ദുബായിൽ പോയി തിരിച്ചെത്തിയ കണിച്ചാർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും കർശന നിയന്ത്രണം ഏർപ്പെടുത്തി.

ഇദ്ദേഹവുമായി നേരിട്ട്സമ്പർക്കത്തിലേർപ്പെട്ട 25 പേരെയും അവരുമായി സമ്പർക്കത്തിലേർപ്പെട്ട 35 പേരുമടക്കം 60 പേരെ ഹോം ക്വാറന്റൈനിലാക്കിയിട്ടുണ്ട്.കോവിഡ് ബാധിതന്റെ സ്രവം ശേഖരിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ബസ് ഡ്രൈവറും വീട്ടിൽ നിരീക്ഷണത്തിലാണ്.

രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണിച്ചാർ ടൗണും പരിസരവും രോഗബാധിതന്റെ വീട്ടുപരിസരവുംപേരാവൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയിട്ടുണ്ട്.

കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ് കണിച്ചാർ ആരോഗ്യവകുപ്പ് ഹെല്ത്ത് ഇൻസ്‌പെക്ടർ ഇ.ജെ.അഗസ്റ്റിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികൃതർ തയ്യാറാക്കി ജില്ലാ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

ജനം ഭീതിയിലാവേണ്ട സാഹചര്യം നിലവിലില്ലെന്നും എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ പഞ്ചായത്ത് ഒരുക്കിയ സംവിധാനം ഉപയോഗപ്പെടുത്തണം.ഹോട്ട്‌സ്‌പോട്ട് പ്രഖ്യാപിക്കപ്പെട്ട കണിച്ചാർ പഞ്ചായത്തിൽ മിക്ക റോഡുകളും അടച്ച് പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണ കാലാവധി അവസാനിക്കാറായ സമയത്താണ് കണിച്ചാർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് എന്നതിനാൽ രോഗവ്യാപന സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.എന്നാലും ശക്തമായ ജാഗ്രതയാണ് കണിച്ചാർ പഞ്ചായത്തിൽ ആരോഗ്യവകുപ്പ് തുടരുന്നത് എന്നത് ആശ്വാസകരമാണ്.