സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലുള്ള ആളാണ്. രോഗം വന്നത് സമ്പര്‍ക്കം മൂലം. ഇന്ന് 7 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതുവരെ 387 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 167 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് 97,464 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,745 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16,002 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
387 പേര്‍ക്ക് രോഗബാധ ഉണ്ടായതില്‍ 264 പേര്‍ വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. എട്ടു പേര്‍ വിദേശികളാണ്. സമ്പര്‍ക്കം മൂലം രോഗമുണ്ടായത് 114 പേര്‍ക്ക്. ആലപ്പുഴ അഞ്ച്, എറണാകുളം 21, ഇടുക്കി 10, കണ്ണൂര്‍ 80, കാസര്‍കോട് 167, കൊല്ലം 9, കോട്ടയം 3, കോഴിക്കോട് 16, മലപ്പുറം 21, പാലക്കാട് 8, പത്തനംതിട്ട 17, തിരുവനന്തപുരം 14, തൃശൂര്‍ 13, വയനാട് 3 എന്നിങ്ങനെയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്ത്യയില്‍ രോഗം ഭേദമായി തിരികെ പോകുന്നവരുടെ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 218 പേര്‍ക്കാണ് ഇവിടെ രോഗം പൂര്‍ണമായും ഭേദമായത്.
ലോക്ക്ഡൗണ്‍ നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങളും പുറത്തുവന്നു കഴിഞ്ഞു. കേരളത്തില്‍ ഏതൊക്കെ വിധത്തിലാണ് ഇളവുകള്‍ നടപ്പാക്കാനാവുക എന്നത് കാബിനറ്റ് ആലോചിക്കും. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തിലും സംസ്ഥാനങ്ങള്‍ക്കുള്ള കൂടുതല്‍ സാമ്പത്തിക സഹായത്തിന്‍റെ മേഖലകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പോയിട്ടില്ല. അത് അടുത്തു തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് സാമ്പിള്‍ പരിശോധന നല്ല നിലയില്‍ നടക്കുന്നുണ്ട്. എന്നാല്‍, എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണം എന്നു തന്നെയാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നല്ല രീതിയില്‍ നിലനിര്‍ത്തി പോകേണ്ടതുണ്ട്. നിയന്ത്രണങ്ങളില്‍ കുറവു വന്നാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നു തന്നെയാണ് കാണുന്നത്. അതുകൊണ്ട് നമ്മുടെ ജാഗ്രത ശക്തമായ രീതിയില്‍ തുടരണം.
വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ക്വാറന്‍റൈന്‍ സെന്‍റെറുകള്‍ തുടങ്ങുമെന്ന് നമ്മുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായി വിവരം ലഭിക്കുന്നുണ്ട്.
യുഎഇയിലെ പ്രവാസികള്‍ക്കായി ക്വാറന്‍റൈന്‍ ക്യാമ്പ് ആരംഭിക്കുന്നതിനായി ദുബായ് ഹെല്‍ത്ത് അതോറിറ്റി ബര്‍സാനില്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി തുടരുകയാണ്. ഇത് പ്രവാസിസമൂഹത്തിന് ആശ്വാസമാവും. യുഎഇയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. എല്ലാ സാംസ്കാരിക, സാമൂഹ്യ, സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതിനു ശ്രമിക്കണം.
ശിവകാശിയിലെ തീപ്പെട്ടി വ്യവസായത്തിന്‍റെ അസംസ്കൃത വസ്തുക്കള്‍ കേരളത്തില്‍ നിന്നാണ് കയറ്റി അയക്കുന്നത്. ഇത് ലഭ്യമാകാത്തതിനാല്‍ തീപ്പെട്ടി കമ്പനികള്‍ പ്രതിസന്ധിയിലാണ് എന്ന് വിരുദ നഗര്‍ എംപി മാണിക്കം ടാഗോര്‍ അറിയിച്ചു. അക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
കര്‍ണ്ണാടകത്തിലെ പല സ്ഥലങ്ങളിലും ഭൂമി ലീസിനെടുത്ത് ഇഞ്ചികൃഷി നടത്തുന്ന മലയാളി കര്‍ഷകരുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ കര്‍ണാടക സര്‍ക്കാരുമായി ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്യും.
വിദേശ രാജ്യങ്ങളിലേയ്ക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് മരുന്നുകള്‍ എത്തിക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മരുന്നുകള്‍ ഒരു കേന്ദ്രീകൃത പോയിന്‍റില്‍ ശേഖരിച്ച് അയക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
സാമൂഹ്യ സന്നദ്ധ സേനയില്‍ 2,87,000 വോളണ്ടിയര്‍മാര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 14,251 പാസുകള്‍ മൊബൈല്‍ ആപ്പ് വഴി നല്‍കി. ഏകീകൃതമായ രീതിയില്‍ മൊബൈല്‍ ആപ്പ് വഴിയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ ജില്ലകളിലും നല്‍കും. മറ്റ് സേവനങ്ങള്‍ ചെയ്യുന്നവരെ പോലെ തന്നെ ഈ വളണ്ടിയര്‍മാരും ഇന്നത്തെ ഘട്ടത്തില്‍ വലിയ സേവനമാണ് നിര്‍വഹിക്കുന്നതെന്ന് മറ്റു ചുമതലകള്‍ നിര്‍വഹിക്കുന്നവരെല്ലാം മനസ്സിലാക്കണം. ഒരു സാഹചര്യത്തിലും അവരുടെ കൃത്യനിര്‍വഹണം തടസ്സപെടുത്തുന്ന അവസ്ഥ മറ്റ് ഏജന്‍സികളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല.
കേരളത്തിലേക്ക് സിഗ്നല്‍ മെയിന്‍റനന്‍സിനും മറ്റും വരുന്ന ട്രെയിനുകളില്‍ അനധികൃതമായി ആളുകള്‍ എത്തുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്ത് അങ്ങനെ വന്ന മൂന്ന് റെയില്‍വെ ജീവനക്കാരെ കണ്ടെത്തി ക്വാറന്‍റൈന്‍ ചെയ്തു. ഇത് ആളുകള്‍ വരാനുള്ള വലിയ സാധ്യതയാണ്. ഇക്കാര്യത്തില്‍ റെയില്‍വെ പൊലീസ് ശ്രദ്ധിക്കണം.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം എങ്ങനെ ലഭിക്കും എന്നതില്‍ അവ്യക്തതയുണ്ടെന്ന പരാതിയുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ അക്ഷയ സെന്‍ററുകളില്ല. അത് തുറക്കാമോ എന്ന കാര്യം പരിശോധിക്കും.
അണുനാശിനി ടണലിന്‍റെ അശാസ്ത്രീയത ഇവിടെ പറഞ്ഞിരുന്നു. അത്തരം ടണലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വാര്‍ത്തകളുണ്ട്. അത് ഒഴിവാക്കണം. അതോടൊപ്പം ശ്രീചിത്ര ഡിസ്ഇന്‍ഫെക്ഷന്‍ ഗേറ്റ് വേ എന്ന പേരില്‍ ശാസ്ത്രീയമായതും കാര്യക്ഷമതയുള്ളതുമായ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. അതുമായി അശാസ്ത്രീയ ടണലുകളെ താരതമ്യം ചെയ്യാനാവില്ല.
ഡെല്‍ഹിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്സുമാര്‍ തങ്ങള്‍ സാമൂഹിക ബഹിഷ്കരണം നേരിടുന്നതായും സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകാന്‍ പോലും പറ്റുന്നില്ലെന്നും പരാതിപ്പെടുന്നു. അക്കാര്യം ഡെല്‍ഹി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാന്‍ ഇടപെടും.
സംസ്ഥാനത്ത് ഉടനീളം ഖരമാലിന്യം ഉപേക്ഷിക്കപ്പെട്ട അവസ്ഥയുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ആവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കും. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതോടൊപ്പം ശുദ്ധജല സ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. അക്കാര്യത്തില്‍ കര്‍ക്കശ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
കോഴിയെ കൊണ്ടുവരുന്ന ലോറികളില്‍ നിന്ന് ചത്ത കോഴികളെ കായലിലേക്ക് വലിച്ചെറിയുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. ഇത് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇടപെടുന്നതിനൊപ്പം പൊതുജനങ്ങളുടെ നല്ല ജാഗ്രതയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചെക്ക്പോസ്റ്റുകള്‍ വഴി വരുന്ന ആളുകളെ എല്ലാ സ്ഥലത്തും ഗൗരവമായി പരിശോധിക്കുന്നില്ല എന്ന പരാതി വരുന്നുണ്ട്. ഇക്കാര്യത്തില്‍ ഔചിത്യപൂര്‍ണമായ നടപടി സ്വീകരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
റോഡുകളില്‍ അലഞ്ഞുതിരിയുന്നവരെയും ഭിക്ഷാടനം നടത്തുന്നവരെയും മറ്റും ക്യാമ്പുകളില്‍ താമസിപ്പിക്കണമെന്ന് തീരുമാനിച്ചതാണ്. എന്നാല്‍, ചിലയിടങ്ങളിലെങ്കിലും അവര്‍ പുറത്തിറങ്ങി നടക്കുന്നു. മാനസിക അസുഖം ബാധിച്ചവരെ മറ്റുള്ളവരുമായി ഇടകലര്‍ത്തി താമസിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ഇത് മനസ്സിലാക്കി ക്രമീകരണം വരുത്താന്‍ നിര്‍ദേശം നല്‍കി. അഭയ കേന്ദ്രങ്ങളില്‍ ഭക്ഷണം മാത്രം നല്‍കിയാല്‍ പോര. കുളിക്കാനുള്ള സോപ്പ് ഉള്‍പ്പെടെ വിതരണം ചെയ്യാനും ശുചിത്വം ഉറപ്പാക്കാന്‍ ഇടപെടല്‍ നടത്താനും തീരുമാനിച്ചു.
കോവിഡ്-19 തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളൊരുക്കിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തും. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോള്‍ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്‍ററുകളുമായും സഹകരിച്ച് കാന്‍സര്‍ചികിത്സ സൗകര്യം വിപുലീകരിക്കും.
സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ (സ്റ്റേജ് കാരിയേജ്) നികുതി ഒടുക്കേണ്ട തിയതി രണ്ടുതവണ സര്‍ക്കാര്‍ നീട്ടികൊടുത്തിരുന്നു. അതുപ്രകാരം ഏപ്രില്‍ 15-നകം നികുതി ഒടുക്കേണ്ടതാണ്. നിലവിലുള്ള പ്രയാസം കണക്കിലെടുത്ത് സ്റ്റേജ് കാരിയേജ് ബസ്സുകളുടെ നികുതി ഒടുക്കുന്ന തിയതി 15 ദിവസം കൂടി നീട്ടി നല്‍കാന്‍ ഗതാതഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതായത് ഏപ്രില്‍ 30 വരെ തിയതി നീട്ടിയിട്ടുണ്ട്.
ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള ലേണേഴ്സ് ലൈസന്‍സ് എടുത്ത നിരവധി പേരുടെ ലൈസന്‍സ് കാലാവധി ആറുമാസം കഴിയുന്നതിനാല്‍ വീണ്ടും ലേണേഴ്സ് ലൈസന്‍സ് എടുക്കേണ്ടിവരുമോ എന്ന ആശങ്ക പലരും ഉന്നയിക്കുകയുണ്ടായി. ഈ കാലയളവ് പുനഃക്രമീകരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
സ്പ്രിങ്കളര്‍ വിവാദം – മറുപടി
കോവിഡ്-19നെ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും അതിന്‍റെ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയായ രീതിയില്‍ പെട്ടെന്ന് വിശകലനം ചെയ്ത് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തെങ്കില്‍ മാത്രമേ രോഗപ്രതിരോധം സാധ്യമാകുകയുള്ളൂ.
ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ലോകത്ത് എവിടെയുണ്ടായിട്ടുള്ള പുരോഗതിയെയും കണ്ടെത്തലുകളെയും ഇതിനായി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫേയ്സ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്ട്സ് അപ്പിലൂടെയും ഇ-മെയിലൂടെയും ഫോണ്‍കോളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് വിവര വിശകലനത്തില്‍ ഇത്തരത്തില്‍ മികച്ച സംവിധാനം നിലവിലുള്ള സ്ഥാപനമാണ് സ്പ്രിങ്കളര്‍ കമ്പനി. ഈ കമ്പനിയാവട്ടെ മലയാളിയായ രാഗി തോമസ് നടത്തുന്നതുമാണ്. രോഗബാധാ സാധ്യതയുള്ളവരുടെ നിരീക്ഷണത്തിനും ഫലപ്രദമായ ഇടപെടലിനും വിവര ക്രോഡീകരണത്തിനും ഇവരുടെ സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
വിവര വിശകലനത്തിനുള്ള സോഫ്റ്റ് വെയര്‍ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ ആദ്യ ദിവസം തന്നെ ഇതു അനാവശ്യമായ ചര്‍ച്ചയാണെന്നും ഒരു വിധത്തിലുമുള്ള ക്രമക്കേടോ വിവര ചോര്‍ച്ചയോ ഉണ്ടാകാതിരിക്കാനുള്ള പൂര്‍ണ്ണ ശ്രദ്ധ ഈ സര്‍ക്കാരിനുണ്ടെന്നും അറിയിച്ചതാണ്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞതുപോലെ വിവരങ്ങള്‍ പൂര്‍ണ്ണമായും പൊതുമണ്ഡലത്തില്‍ ലഭ്യമാക്കാനും ഐടി വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ചെയ്തു കഴിഞ്ഞു.
ജനങ്ങളുടെ മനസ്സില്‍ നിലവിലുണ്ടാക്കിയിട്ടുള്ള സംശയങ്ങള്‍ അകറ്റുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ സിഡിറ്റിനോട് ഈ ആവശ്യത്തിനുള്ള ആമസോണ്‍ ക്ലൗഡ് പശ്ചാത്തല സൗകര്യങ്ങള്‍ എത്രയും പെട്ടെന്ന് ഒരുക്കി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കാനും വിവര ശേഖരണത്തിനും, സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ് വെയറുകളും ഈ സൗകര്യത്തിനകത്ത് സിഡിറ്റിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയില്‍ വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്പ്രിങ്കളര്‍ സൗജന്യമായി നല്‍കുന്ന SaaS അപ്ലിക്കേഷനും ഈ രീതിയിലാണ് വിന്യസിക്കപ്പെടുക. ഈ സംവിധാനത്തില്‍ വ്യക്തിഗത വിവരങ്ങളുടെയും പൂര്‍ണ്ണ നിയന്ത്രണവും വിശകലനവും സിഡിറ്റിനായിരിക്കും എന്നതിനാല്‍ SaaS സര്‍വ്വീസ് പ്രൊവൈഡറുടെ ഭാഗത്തുനിന്നുള്ള വിവര ചോര്‍ച്ചയ്ക്കുള്ള വിദൂര സാധ്യത പോലും പൂര്‍ണ്ണമായും ഇല്ലാതാകും.
നിലവിലുള്ള ഓര്‍ഡറില്‍ തന്നെ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
1. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയായിരിക്കും വിവര ശേഖരം.
2. രാജ്യത്തിനകത്തുള്ള സെര്‍വ്വറുകളില്‍ തന്നെ ഡാറ്റ സൂക്ഷിക്കും.
3. ഈ വിവരങ്ങള്‍ മറ്റൊരു കാര്യത്തിനും ഉപയോഗപ്പെടുത്തുകയില്ല.
വിവരം നല്‍കുന്ന വ്യക്തികള്‍ക്കും അവര്‍ നല്‍കുന്ന വിവരങ്ങള്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും അവരെ അറിയിക്കുകയും ചെയ്യും.
മനുഷ്യസമൂഹം നേരിടുന്ന ഒരു വലിയ വിപത്തിനെ പ്രതിരോധിക്കുന്നതിന് ലോകത്തെ ജനതയുടെ എല്ലാ അറിവുകളെയും ഉപയോഗപ്പെടുത്തേണ്ട ഘട്ടമാണ് ഇത്. അതിനുതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്ത് എവിടെയും ഇതുമായി ബന്ധപ്പെട്ട മരുന്നുകളോ പ്രതിരോധ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവയും ഈ മഹാമാരിയെ ഇല്ലാതാക്കി സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ലോകമാകെ യോജിച്ച് നിന്നുകൊണ്ട് പൊരുതുന്ന ഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ഗുണപരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു ഒളിച്ചുകളിയും ഇല്ല. സാങ്കേതികമായ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എന്തു നിര്‍ദ്ദേശമുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് താനും.
അടിയന്തരമായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നേരത്തേയുള്ള നടപടിക്രമങ്ങള്‍ അതേപോലെ നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നത് പെട്ടെന്ന് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് തടസ്സം സൃഷ്ടിക്കാനേ ഉതകൂ. അത് ജനങ്ങളുടെ ജീവന് പ്രതിസന്ധി സൃഷ്ടിക്കാനേ ഇടയാക്കൂ.
റേഷന്‍കാര്‍ഡ് വിവരം ചോര്‍ന്നുവെന്ന ആരോപണം
റേഷന്‍കാര്‍ഡ് സംബന്ധമായ ഒരു വിവരവും സര്‍ക്കാരിന് പുറത്തുള്ള ഒരു സ്ഥാപനത്തിനും കൈമാറിയിട്ടില്ല. ബിപിഎല്‍ റേഷന്‍ കാര്‍ഡുള്ളവരില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിക്കാത്ത ആള്‍ക്കാര്‍ക്ക് ഒരു ധനസഹായം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനായി ബിപിഎല്‍ റേഷന്‍കാര്‍ഡ് വിവരശേഖരവും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിവരശേഖരവും താരതമ്യം ചെയ്ത് അര്‍ഹരായവരെ കണ്ടെത്താന്‍ ധനവകുപ്പ് ഐടി വകുപ്പിന്‍റെ കീഴിലുള്ള ഗവേഷണ സ്ഥാപനമായ IIITMK യെ ചുമതലപ്പെടുത്തിയിരുന്നു. ഈ പ്രവൃത്തി പൂര്‍ത്തീകരിച്ചത് IIITMK തന്നെയാണ്. പുറത്തുനിന്നുള്ള ഒരു കമ്പനിയുടെ സഹായവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. ഒരു ഡാറ്റാ കൈമാറ്റവും ഇക്കാര്യത്തില്‍ നടന്നിട്ടുമില്ല.
ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയായ കമ്പനി എന്ന ആരോപണം:
സാധാരണഗതിയില്‍ തന്നെ പ്രമുഖ കമ്പനികള്‍ക്ക് എതിരെ കേസുകളും നിയമ നടപടികളും ഉണ്ടാകാറുണ്ട്. എല്ലാ പ്രമുഖ കമ്പനികളിലും അതുകൊണ്ട് തന്നെ ശക്തമായ നിയമ വിഭാഗവും ഉണ്ട്. ഈ കമ്പനിയുടെ നിയമ വിഭാഗം ഒരു കേസ് രണ്ടു വര്‍ഷം മുമ്പ് ഫയല്‍ ചെയ്തത് നടന്നുവരികയാണ് എന്നും നിയമ പ്രക്രിയ നടക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവില്ല എന്നും അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ എല്ലാ പ്രമുഖ സ്ഥാപനങ്ങളും പല രീതിയിലുമുള്ള കേസുകള്‍ നേരിടുന്നുണ്ട്.
സൗജന്യസേവനമല്ല എന്ന ആരോപണം:
സെപ്തംബര്‍ 24-നാണ് നിലവിലുള്ള കരാര്‍ കഴിയുന്നത്. ആ കാലാവധി വരെ സൗജന്യ സേവനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം തുടരണമെങ്കില്‍ ഫീസ് കമ്പനി അറിയിക്കും. അതോടൊപ്പം സെപ്തംബര്‍ 24 വരെ നല്‍കേണ്ടിവരുമായിരുന്ന ഫീസും അറിയിക്കും. ഇത് അറിവിലേക്കായി മാത്രമാണ്. തുക നല്‍കേണ്ടതില്ല. കാലാവധി നീട്ടുകയാണെങ്കില്‍ മാത്രം അതിനുശേഷമുള്ള തുക നല്‍കേണ്ടതുണ്ട്. അപ്പോള്‍ ആവശ്യപ്പെടുന്ന തുകയില്‍ മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള തുക ഉള്‍പ്പെടുന്നില്ല എന്നുറപ്പാക്കാനാണ് ഈ ക്രമീകരണം. ഇത് ഒരു സാധാരഗതിയിലുള്ള നടപടിക്രമമാണ്.
സ്പ്രിങ്കളര്‍ ഇടപാട് കോവിഡിന്‍റെ മറവില്‍ അഴിമതി എന്നാരോപണം സാമ്പത്തികമായോ അല്ലാതെയോ ഉള്ള ഒരു ബാധ്യതയും സര്‍ക്കാരിനില്ലാത്തതിനാല്‍ ഇവിടെ അഴിമതിയുടെ പ്രശ്നം ഉടലെടുക്കുന്നില്ല.
കരാറിന് ലീഗല്‍ സാന്‍റിറ്റിയില്ല എന്നാരോപണം:
നിയമസാധുതയുള്ള കരാറാണ്. അന്താരാഷ്ട്ര കരാറായിട്ടും നിയമവകുപ്പ് അറിഞ്ഞിട്ടില്ല എന്നാരോപണം സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തതിനാല്‍ സാധാരണ നിലയില്‍ നിയമവകുപ്പ് കാണേണ്ടതില്ല.
സഹായം
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍റെയും ജാമിഅ മന്നാനിയ്യാ സ്ഥാപനങ്ങളുടെയും കീഴിലുള്ള കോളേജുകള്‍, സ്കൂളുകള്‍, ഓര്‍ഫനേജ്ജുകള്‍, മദ്രസകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ക്വാറന്‍റൈന്‍ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാനുള്ള സന്നദ്ധത അറിച്ചിട്ടുണ്ട്.
മുസ്ലീം അസോസിയേഷന്‍റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങള്‍ ക്വാറന്‍റൈന്‍ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കും.
ലീഗ്രാന്‍റ് ആദ്യ ഘട്ടമായി 2000 പിപിഇ കിറ്റും 25,000 സര്‍ജിക്കല്‍ മാസ്ക്കും നല്‍കും.
മലപ്പുറം കാളികാവ് സഫ ഹോസ്പിറ്റല്‍ ക്വാറന്‍റൈന്‍ അവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാമെന്ന് ഉടമകള്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷു സമ്മാനമായി ഡിവൈഎഫ്ഐ അഞ്ഞൂറ് പിപിഇ കിറ്റുകള്‍ സംഭാവന നല്‍കിയിട്ടുണ്ട്. വിഷുദിനത്തില്‍ സാമൂഹ്യഅടുക്കളകളിലേക്ക് 1340 ചാക്ക് അരിയും ഡിവൈഎഫ്ഐ സംഭാവന നല്‍കിയിട്ടുണ്ട്